ബംഗ്ലാദേശിൽ പ്രളയക്കെടുതി രൂക്ഷം. പ്രളയത്തിൽ ഇതുവരെ 40 പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ജൂൺ 16 മുതൽ 21 വരെയുള്ള ഒരാഴ്ചത്തെ കാലയളവിലാണ് ഇത്രയധികം പേർ മരണപ്പെട്ടത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ചൊവ്വാഴ്ച പ്രളയബാധിത സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. (bangladesh floods 40 death)
സിൽഹറ്റ്, സുനംഗഞ്ജ് ജില്ലകളിലെ സ്ഥിതി വളരെ ഗുരുതരമാണെന്ന് അധികൃതർ വ്യക്തമാക്കി. 122 വർഷത്തിനിടെ സിൽഹറ്റിലുണ്ടായ ഏറ്റവും ശക്തമായ പ്രളയമാണ് ഇത്. വടക്കുകിഴക്കൻ ജില്ലകളിലെ സ്ഥിതിയും മാറ്റമില്ലാതെ തുടരുകയാണ്. സിൽഹറ്റിലെ പ്രധാന നദിയായ സുർമ അപകട മേഖലയും കടന്ന് നിറഞ്ഞൊഴുകുകയാണ്. നഗരപ്രദേശങ്ങളൊക്കെ വെള്ളത്തിനടിയിലാണ്.
നിറഞ്ഞൊഴുകുന്ന സുർമ നദിയിലെ വെള്ളം നിലവിൽ വിവിധ അഴുക്കുചാലുകളിലൂടെ നഗരങ്ങളിലേക്കും പ്രവേശിച്ചുകഴിഞ്ഞു. ഒട്ടേറെ വീടുകളാണ് പ്രളയത്തിൽ ഒലിച്ചുപോയത്. വിവിധ സ്ഥലങ്ങളിലെ റോഡ് ഗതാഗതം തടസപ്പെട്ടു. രണ്ട് ജില്ലകളിലായി രണ്ട് ലക്ഷത്തോളം ആളുകൾ കുടുങ്ങിയിരിക്കുകയാണ്.
Read also:- യുഎസില്‍ വീണ്ടും വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു;നിരവധി പേര്‍ക്ക് പരുക്ക്