തൃശ്ശൂർ: തൃശൂരിലെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ 72 മണിക്കൂർ പണിമുടക്ക് തുടങ്ങി. പ്രതിദിന വേതനം 1500 ആക്കണമെന്നതടക്കം ആവശ്യങ്ങളിലാണ് സമരം. സമരം പ്രഖ്യാപിച്ചതിന് പിന്നാലെ തൃശൂരിലെ 28 സ്വകാര്യ ആശുപത്രികളിൽ 5 ഇടത്ത് വേതന വർധന 50% നടപ്പാക്കി. അമല, ജൂബിലി , വെസ്റ്റ് ഫോർട്ട് , സൺ, മലങ്കര മിഷൻ ആശുപത്രികളാണ് വേതനം കൂട്ടിയത്. ഇതോടെ ഈ ആശുപത്രികളെ സമരത്തിൽ നിന്ന് നഴ്സുമാർ ഒഴിവാക്കി. ജില്ലയിലെ 24 ആശുപത്രികളിളാണ് ഇന്ന് പണിമുടക്ക് നടക്കുന്നത്. ഈ ആശുപത്രികളിൽ ഐസിയു പ്രവർത്തനം അടക്കം തടസപ്പെടുമെന്നാണ് വിവരം.
നഴ്‌സുമാരുടെ സമരം തടയാനാകില്ലെന്ന് ഇന്നലെ കേരള ഹൈക്കോടതി നിലപാടെടുത്തിരുന്നു. 72 മണിക്കൂർ സമ്പൂർണ സമരമാണ് നഴ്സുമാരുടെ സംഘടനയായ യുഎൻഎ ആഹ്വാനം ചെയ്തത്. ഇതിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്. നിർബന്ധിത സേവനം ഉറപ്പാക്കുന്ന എസ്‌മ ചട്ടത്തിന് കീഴിൽ നഴ്‌സുമാരെ കൊണ്ടുവരണമെന്ന് ആശുപത്രി മാനേജ്മെന്റുകൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിൽ ഉപഹർജിയായാണ് തൃശ്ശൂരിലെ സമരത്തിനെതിരായി ഹർജി സമർപ്പിച്ചത്. വെക്കേഷന് ശേഷം കേസ് പരിഗണിക്കാമെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ വ്യക്തമാക്കി. ഹർജി സ്ഥിരമായി പരിഗണിക്കുന്ന ബെഞ്ച് അവധി ആയതിനാലാണ് ഈ ബെഞ്ചിൽ കേസ് എത്തിയത്.
പ്രതിദിന വേതനം 1500 ആക്കി ഉയര്‍ത്തുക, 50 ശതമാനം ഇടക്കാല ആശ്വാസം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തൃശൂര്‍ ജില്ലയില്‍ സ്വകാര്യ ആശുപത്രി നഴ്സുമാര്‍ പണിമുടക്ക് നോട്ടീസ് നല്‍കിയത്. ലേബര്‍ ഓഫീസര്‍ വിളിച്ച ചര്‍ച്ചയില്‍ രണ്ട് മാനേജ്മെന്റുകൾ ഒഴികെ മറ്റാരും ശമ്പള വര്‍ധനവിനെ അനുകൂലിച്ചില്ല. ഇതോടെയാണ് യുഎന്‍എ 72 മണിക്കൂര്‍ സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ഐസിയു അടക്കം എല്ലാ ഡിപ്പാര്‍ട്ടുമെന്‍റുകളിലെയും നഴ്സുമാര്‍ പണിമുടക്കുന്നുണ്ട്. ഇതോടെ ആശുപത്രികള്‍ ഗുരുതര പ്രതിസന്ധിയിലാവും.
READ MORE: https://www.e24newskerala.com/