Kerala News Trending Now

‘നിയമങ്ങൾക്കനുസൃതമായാണ് കളിച്ചത്, പ്രശ്നങ്ങളുള്ളവർക്ക് നിയമം മാറ്റാൻ ഐസിസിയോട് ആവശ്യപ്പെടാം’; ഷാക്കിബ്

കഴിഞ്ഞ ദിവസം നടന്ന ബംഗ്ലദേശ്-ശ്രീലങ്ക ലോകകപ്പ് മത്സരം വൻ വിവാദങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യമായി ഒരു ബാറ്റ്‌സ്മാൻ ടൈം ഔട്ടായത് ക്രിക്കറ്റ് ലോകം കണ്ടു.

ശ്രീലങ്കൻ താരം എയ്ഞ്ചലോ മാത്യൂസാണ് ടൈം ഔട്ടായി പവലിയനിലേക്ക് മടങ്ങിയ ആ ഹതഭാഗ്യൻ. പിന്നീട് കണ്ടത് നാടകീയ രംഗങ്ങൾ.

ക്രിക്കറ്റ് ആരാധകരുടെ കടുത്ത വിമർശനങ്ങൾ നേരിടുമ്പോഴും തൻ്റെ തീരുമാനത്തിൽ ഖേദമില്ലെന്ന് പറയുകയാണ് ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ.

ശ്രീലങ്കന്‍ ഇന്നിംഗ്‌സിന്റെ 25-ാം ഓവറിലാണ് ഏറെ വിവാദമായ എയ്ഞ്ചലോ മാത്യൂസിൻ്റെ പുറത്താകല്‍ സംഭവിച്ചത്.

ഓവറിലെ രണ്ടാം പന്തില്‍ സദീര സമരവിക്രമ പുറത്തായതോടെയാണ് മാത്യൂസ് ക്രീസിലേക്ക് എത്തിയത്.

എന്നാല്‍ ഹെല്‍മറ്റിലെ സ്ട്രാപ്പിന്‍റെ പ്രശ്നത്തെ തുടര്‍ന്ന് താരത്തിന് നിശ്ചിത സമയത്തിനുള്ളില്‍ ബാറ്റ് ചെയ്യാന്‍ തയ്യാറാവാന്‍ കഴിയാതെ വന്നു.

ഉപയോഗിക്കാന്‍ സാധിക്കാത്ത ഹെല്‍മറ്റിന് പകരം മറ്റൊന്ന് കൊണ്ടുവരാന്‍ മാത്യൂസ് ഡഗൗട്ടിലേക്ക് നിര്‍ദേശം നല്‍കിയെങ്കിലും ഇതെത്താനും വൈകുകയായിരുന്നു.

ഇതോടെയാണ് എയ്‌ഞ്ചലോ മാത്യൂസിന്‍റെ വിക്കറ്റിനായി ബംഗ്ലാദേശ് താരങ്ങള്‍ അപ്പീല്‍ ചെയ്തത്. ബംഗ്ലാദേശ് ക്യാപ്‌റ്റന്‍ ഷാക്കിബ് അല്‍ ഹസനോട് കാര്യങ്ങള്‍ പറഞ്ഞ് അപ്പീല്‍ പിന്‍വലിപ്പിക്കാന്‍ മുന്‍ ലങ്കന്‍ നായകന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍, ഷാക്കിബ് തങ്ങളുടെ നിലപാട് മാറ്റാന്‍ തയ്യാറാകാതിരുന്നതോടെ മാത്യൂസിന് തിരികെ മടങ്ങേണ്ടി വരികയായിരുന്നു.

ആ അപ്പീൽ പിന്‍വലിക്കുവാന്‍ ബംഗ്ലാദേശ് നായകന്‍ തയ്യാറായിരുന്നുവെങ്കിൽ താരത്തിന് പുറത്താകൽ ഒഴിവാക്കാമായിരുന്നു.

പക്ഷേ താൻ ക്രിക്കറ്റിൻ്റെ നിയമങ്ങൾക്കനുസൃതമായാണ് കളിക്കുന്നതെന്നും ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ നിയമങ്ങൾ മാറ്റാൻ ഐസിസിയോട് ആവശ്യപ്പെടണമെന്നും ഷാക്കിബ് പ്രതികരിച്ചു. താന്‍ ചെയ്തത് ശരിയോ തെറ്റോ എന്ന ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും തന്നെ അത് ബാധിക്കുന്നില്ല.

താന്‍ ചെയ്തത് തന്റെ ടീമിനെ വിജയത്തിലേക്ക് നയിക്കുവാനായി നിയമത്തിലുള്ള കാര്യം മാത്രമാണെന്നും ഷാക്കിബ് വ്യക്തമാക്കി. അതേസമയം മൂന്ന് വിക്കറ്റിനായിരുന്നു ബംഗ്ലദേശ് ജയം.

ശ്രീലങ്ക ഉയർത്തിയ 280 റൺസ് വിജയലക്ഷ്യം 53 പന്തും 3 വിക്കറ്റും ശേഷിക്കെ ബംഗ്ലാദേശ് മറികടന്നു.

Related posts

‘യുഎസിലെ ഏറ്റവും വേഗതയേറിയ കുട്ടി’യായി 7 വയസുകാരി ഡക്കോട്ട വൈറ്റ്

Sree

ചവറ്റുകുട്ടയിലെ ഭക്ഷണം തീറ്റിച്ചു, ദേഹമാസകലം പൊള്ളലിന്‍റെയും മര്‍ദനത്തിന്‍റെയും പാട്; 16 കാരിയോട് സൈനികന്റെയും ഭാര്യയുടെയും ക്രൂരത

Akhil

കരിപ്പൂരിലെ വിമാനാപകടത്തിന് ഇന്ന് രണ്ട് വർഷം തികയുന്നു.

Sree

Leave a Comment