rocketry
Entertainment Special Trending Now

റോക്കട്രി: ദി നമ്പി എഫ്ഫക്റ്റ്; അറിയപ്പെടാത്ത സത്യങ്ങൾ തുറന്നുകാട്ടാൻ നമ്പിയായി മാധവൻ

റോക്കട്രി: ദി നമ്പി എഫ്ഫക്റ്റ് (Rocketry: The Nambi effect)….ഒറ്റവാക്കിൽ പറയുകയാണെങ്കിൽ ഭാരതീയനായ ജനിച്ച ഏതൊരാളും തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ. ശാസ്ത്രത്തിന്റെ പുരോഗതിക്കായി ജീവിതം സമർപ്പിച്ച ഒരു മനുഷ്യൻ, തന്റെ രാജ്യത്തെ സേവിക്കാൻ നാസ ജോലി നിരസിച്ച ഒരു ദേശസ്നേഹി, തന്റെ ഭാര്യയ്ക്കും കുട്ടികൾക്കും വേണ്ടി അർപ്പിതനായ ഒരു മനുഷ്യൻ, ‘രാജ്യദ്രോഹി’ എന്ന തന്റെ പേര് മായ്‌ക്കാൻ ദീർഘവും കഠിനമായ പോരാട്ടം നടത്തിയ മനുഷ്യൻ…നമ്പി നാരായണൻ എന്ന, ഇന്ത്യ കണ്ട അസാമാന്യ എയ്‌റോസ്‌പേസ് എൻജിനീയറിന്റെ ജീവിത കഥ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുകയാണ് നടൻ ആർ മാധവൻ. ( madhavan movie Rocketry: The Nambi Effect review )

കാത്തിരിപ്പുകൾക്കൊടുവിലാണ് ‘റോക്കട്രി ദി നമ്പി ഇഫക്റ്റ്’ എന്ന ബഹുഭാഷാ ചിത്രം തീയേറ്ററുകളിൽ റിലീസായത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലായി നിർമ്മിച്ച ചിത്രം അതിനുപുറമെ മലയാളം, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ മൊഴിമാറ്റിയും റിലീസ് ചെയ്തിരിക്കുന്നു. ഒരു ശാസ്ത്രജ്ഞൻ്റെ ജീവിതം സിനിമയാക്കുമ്പോൾ പ്രേക്ഷകരെ പിടിച്ചിരുത്തുക എന്നതിൽ വളരെയധികം വെല്ലുവിളികളുണ്ട്. എന്നാൽ വെല്ലുവിളികളെ എല്ലാം മറികടന്ന് ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാൻ മാധവന്റെ കൂടെ നെടുംതൂണായി നിൽക്കുകയായിരുന്നു ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ ഡോ. വർഗീസ് മൂലൻ.

ചിത്രത്തിന്റെ സംവിധാനവും, തിരക്കഥയും, ടൈറ്റില് റോളും മാധവന്റെ കൈയിൽ ഭദ്രമായിരുന്നു. മാധവൻ എന്ന നടൻ, മാധവൻ എന്ന സംവിധായക കുപ്പായം അണിഞ്ഞ് തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് റോക്കറ്റ്‌റിയിലൂടെ. ഒരു കന്നി സംവിധായകന്റെ സിനിമ ആണ് എന്ന് തോന്നിക്കാത്ത വിധം എല്ലാ ചേരുവകളും ചേർത്ത് ഭംഗിയായി ഒരുക്കിയ സിനിമ സയൻസ് ആൻഡ് ടെക്നോളജി മാത്രമല്ല, വളരെ ലളിതമായ നർമ്മവും കുടുംബമൂല്യങ്ങൾ കൂടി എടുത്തു പറയുന്ന ഒന്നാണ്. നമ്പി നാരായണന് മേൽ ചാർത്തിയ രാജ്യദ്രോഹ കുറ്റം എന്തായിരുന്നു എന്നത് കൂടാതെ…രാജ്യം 2019 -ൽ അദ്ദേഹത്തെ പദ്മഭൂഷൺ നൽകി ആദരിച്ചതിന്റെ വ്യക്തമായ കാരണവും പ്രേക്ഷകരെ അറിയിക്കുകയാണ് ഈ ചിത്രത്തിലൂടെ ആർ മാധവൻ. ലിക്വിഡ് പ്രൊപ്പൽഷൻ മൊഡ്യൂൾ ആയ വികാസ് എൻജിന്റെ ഭാരതത്തിലെ ഉപജ്ഞാതാവും ഐഎസ്ആര്‍ഒയിലെ ക്രയോജനിക് വിഭാഗത്തലവനുമായിരുന്നു നമ്പി നാരായണൻ. അദ്ദേഹത്തെ കേന്ദ്രീകരിച്ച ഈ സിനിമ ഭാരതത്തിന്റെ ബഹിരാകാശ യാത്രയെയും നമ്മുടെ ശാസ്ത്രജ്ഞരുടെ ത്യാഗത്തെയും അടിസ്ഥാനമാക്കി നന്നായി നിർമ്മിച്ച ഒരു സിനിമ എന്ന് തന്നെ എടുത്ത് പറയാം…

തിരുവനന്തപുരത്തെ നമ്പി നാരായണന്റെ (മാധവൻ) വീടിന്റെ ഷോട്ടോടെയാണ് കഥ ആരംഭിക്കുന്നത്. കുടുംബത്തിലെ എല്ലാവരും സന്തോഷമായൊരു ചടങ്ങിന് ഒരുമിച്ച് പോകുന്ന ആവേശത്തിലാണ്. എന്നാൽ കാര്യങ്ങൾ വിചാരിച്ചപോലെ സംഭവിക്കുന്നില്ല, നമ്പി അറസ്റ്റിലാകുന്നതോടെ കഥ അവിടെ തുടങ്ങുകയാണ്. സിനിമയുടെ ആദ്യ പകുതിയിൽ നമ്പി നാരായണന്റെ മുൻകാല ജീവിതവും റോക്കറ്റ് സയന്റിസ്റ്റ്‌ ആയുള്ള അദ്ദേഹത്തിന്റെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളും എടുത്തുകാട്ടിയപ്പോൾ രണ്ടാം പകുതിയിൽ ഒരു രാജ്യദ്രോഹി എന്ന് മുദ്ര കുത്തപെട്ടപ്പോൾ അദ്ദേഹം അനുഭവിക്കേണ്ടി വന്ന ത്യാഗങ്ങൾ ആണ് കാണാൻ കഴിയുന്നത്. കണ്ണുകളെ ഈറനണിയിക്കുന്ന രണ്ടാം പകുതിയിലെ ആ രംഗങ്ങൾ വളരെ തന്മയീ ഭാവത്തോടെ ആണ് മാധവൻ അവതരിപ്പിച്ചിട്ടുള്ളത്. ഇത്രയും വര്ഷം നമ്പി നാരായണന്‍ എന്ന റോക്കറ്റ് സയന്റിസ്റ്റ്‌ അനുഭവിച്ച യാതനകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ സ്പഷ്ടമായി പ്രേക്ഷകർക്ക് വേണ്ടി ഒരുക്കിയിരിക്കുകയാണ് മാധവൻ ഈ സിനിമയിലൂടെ.


കഥയിലെ നിഗൂഢതകൾ എടുത്തുകാണിക്കുന്ന ഇടയ്ക്കിടെയുള്ള കട്ട് ഷോട്ടുകൾ ആണ് എടുത്തുപറയേണ്ടത്. ആ രംഗങ്ങൾ തന്നെ ആണ്
അത് കാണുന്ന പ്രേക്ഷകന്റെ മനസ്സിൽ ഒരു ജിജ്ഞാസ വരുത്തുന്നത്. താൻ ആരുടെ കഥയാണ് പറയാൻ പോകുന്നതെന്നും, അതിൻ്റെ പ്രസക്തി എന്തെന്നും ബോധ്യമുണ്ടായിരുന്ന മാധവൻ തിരക്കഥയിൽ മാത്രമല്ല ഓരോ കഥാപാത്രത്തിന്റെ മുഖത്തു വരേണ്ട ഭാവങ്ങളും പിഴവുകളൊന്നും ഇല്ലാതെ ശരിയായി പ്രേക്ഷകരിലേക്ക്‌ എത്തിക്കാൻ ശ്രമിച്ചു.

കഥാപാത്രത്തിന്റെ മൗലികത ഒട്ടും ചോർന്ന് പോകാത്തവിധം തന്റെ ശരീരത്തെ രൂപമാറ്റം വരുത്തിയായിരുന്നു മാധവൻ ഓരോ രംഗത്തിലും പ്രത്യക്ഷപ്പെട്ടത്. നമ്പി നാരായണന്റെ സഹയാത്രികയായ മീന എന്ന കഥാപാത്രം നടി സിമ്രാന്റെ കൈയിലും ഭദ്രമായിരുന്നു. ഭർത്താവിന്റെ കരിയർ, കുടുംബത്തിന്റെ മാനം, സമൂഹത്തിലെ ആദരവ്, പൊലീസിന്റെ പീഡനങ്ങൾ എന്നിവയിലൂടെ മനസ്സിന്റെ താളംതെറ്റുന്ന ഭാര്യയെ അവർ അവിസ്മരണീയമാക്കുന്നു. ചിത്രത്തിന്റെ തുടക്കം മുതൽ തന്നെ ഓരോ കഥാപാത്രത്തിന്റെയും വികാരങ്ങളും മാനസികാവസ്ഥയും സിരിഷ റേയുടെ ഛായാഗ്രഹണ മികവിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ട്. അനുയോജ്യമായ പശ്ചാത്തല സ്കോർ കൊണ്ട് സാം സിഎസും കൃത്യമായ എഡിറ്റിംഗ് കൊണ്ട് ബിജിത് ബാലയും തങ്ങളുടെ ഭാഗങ്ങൾ വൃത്തിയായി ചെയ്തിട്ടുണ്ട്. രജിത് കപൂർ, ദിനേഷ് പ്രഭാകർ, മിഷ ഘോഷാൽ തുടങ്ങിയ ബാക്കി അഭിനേതാക്കളും തങ്ങളുടെ വേഷങ്ങളോട് നീതി പുലർത്തി. കായിക താരങ്ങളുടേയും, സിനിമാ താരങ്ങളുടേയും ജീവചരിത്രകൾ കണ്ടുമടുത്തവർക്ക് റോക്കട്രി ഒരു വ്യത്യസ്തമായ അനുഭവം ആയിരിക്കും. കോ-ഡയറക്ടറായ പ്രജേഷ് സെന്നിനും ചിത്രത്തിൻ്റെ വിജയത്തിൽ പങ്കുണ്ട്.

Read also:- കമല്‍ഹാസന്റെ ‘വിക്രം’ ഒടിടിയിലെത്തുന്നു, ടീസർ പുറത്ത്

ജൂലൈ 1 നു തീയേറ്ററുകളിൽ റിലീസ് ചെയ്ത ഈ ചിത്രം മികച്ച തിരക്കഥ കൊണ്ട് മാത്രമല്ല, ദൃശ്യ ഭംഗി കൊണ്ടും, ഹിന്ദി, തമിഴ് പതിപ്പിൽ ഷാഹ്‌റുഖ് ഖാൻ, സൂര്യ എന്നിവരുടെ സാനിധ്യം കൊണ്ടും സമ്പന്നമാണ്. നമ്പി നാരായണ് സംഭവിച്ചത് ലോകത്ത് മറ്റാർക്കും ഇനി സംഭവിക്കാൻ പാടില്ല എന്ന സന്ദേശം നൽകിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.

Related posts

കൊൽക്കത്തയിൽ വൻ തീപിടിത്തം.

Sree

അമ്പലപ്പുഴ അപകടം; അമിത വേഗതയിലായിരുന്നു കാർ ഇടിച്ചതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിഗമനം.

Sree

ആക്രി സാധനങ്ങൾ കൊണ്ട് ബഗ്ഗി കാർ നിർമ്മിച്ച് പതിനാറുവയസുകാരന്നായ ഇർഫാൻ;

Sree

Leave a Comment