തീപിടിത്തം, യാത്രക്കാരുടെ കൂട്ടനിലവിളി, പൊള്ളലേറ്റത് ഒമ്പതുപേർക്ക്, മണിക്കൂറുകൾക്ക് ശേഷം പിഞ്ചുകുഞ്ഞടക്കം മൂന്നുപേരുടെ ജീവൻ പൊലിഞ്ഞെന്ന വാർത്തയും. കഴിഞ്ഞദിവസം രാത്രി ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിലെ(16307) യാത്രക്കാർ സാക്ഷ്യംവഹിച്ചത് അതിദാരുണമായ സംഭവത്തിനാണ്. ഒരാൾ ട്രെയിനിലെ യാത്രക്കാരെ തീകൊളുത്തിയെന്ന വിവരം പുറത്തറിഞ്ഞത് മുതൽ നിലനിൽക്കുന്ന ദുരൂഹത 12 മണിക്കൂറുകൾ കഴിഞ്ഞിട്ടും നീങ്ങിയിട്ടില്ല. ട്രെയിനിലെ യാത്രക്കാരെ തീകൊളുത്തിയ അക്രമിയെ കണ്ടെത്താനായി പോലീസും റെയിൽവേ പോലീസും ഊർജിതമായ അന്വേഷണം തുടരുന്നു. സംശയകരമായരീതിയിൽ ബാഗും ചില കുറിപ്പുകളും കണ്ടെടുത്തതോടെ തീവ്രവാദ വിരുദ്ധ സ്ക്വാഡും ദേശീയ അന്വേഷണ ഏജൻസിയും സംഭവത്തിൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
അടിമുടി ദുരൂഹത, സംഭവം ഇങ്ങനെ……
ഞായറാഴ്ച ഉച്ചയ്ക്ക് 2.50-ന് ആലപ്പുഴയിൽനിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എക്സിക്യൂട്ടീവ് എക്സ്പ്രസ്(16307) രാത്രി 09.08-നാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തുന്നത്. കോഴിക്കോട് പിന്നിട്ടാൽ പിന്നീട് ട്രെയിനിലെ യാത്രക്കാർ കുറയും. ഞായറാഴ്ചയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കൊയിലാണ്ടി മുതൽ കണ്ണൂർ വരെയുള്ള സ്റ്റേഷനുകളിൽ ഇറങ്ങേണ്ട യാത്രക്കാരുമായി ട്രെയിൻ നാലുമിനിറ്റിന് ശേഷം 09,12-ഓടെ കോഴിക്കോട് സ്റ്റേഷനിൽനിന്നും യാത്ര തുടർന്നു. എന്നാൽ ഏതാനും കിലോമീറ്ററുകൾ പിന്നിട്ടതിന് പിന്നാലെ കേരളത്തെ നടുക്കിയ സംഭവങ്ങൾക്കാണ് എക്സിക്യുട്ടീവ് എക്സ്പ്രസ് സാക്ഷ്യം വഹിച്ചത്.
രാത്രി 9.20, D1- കോച്ചില്‍ യാത്രക്കാരെ തീകൊളുത്തി……
എലത്തൂർ സ്റ്റേഷൻ പിന്നിട്ടതിന് പിന്നാലെ രാത്രി 09.20-ഓടെയാണ് എക്സിക്യൂട്ടിവ് എക്സ്പ്രസിലെ അക്രമസംഭവം അരങ്ങേറുന്നത്. കൈയിൽ പെട്രോൾനിറച്ച കുപ്പിയുമായി D1 കോച്ചിലെത്തിയ അക്രമി യാത്രക്കാരുടെ ദേഹത്തേക്ക് പെട്രോൾ ഒഴിക്കുകയും പിന്നാലെ തീകൊളുത്തുകയുമായിരുന്നു. യാത്രക്കാരുടെ ദേഹത്തും ട്രെയിനിനകത്തും ഇതോടെ തീ ആളിപ്പടർന്നു. യാത്രക്കാർ പരിഭ്രാന്തരായി. കൂട്ടനിലവിളി ഉയർന്നു. ഇതിനിടെ തീയണയ്ക്കാനുള്ള ശ്രമങ്ങളും യാത്രക്കാർ നടത്തി. റിസർവേഷൻ കോച്ചായ D1-ൽ തീ കണ്ടതോടെ മറ്റുകോച്ചുകളിലുള്ളവരാണ് ട്രെയിനിലെ അപായച്ചങ്ങല വലിച്ചതെന്നാണ് യാത്രക്കാർ നൽകിയ പ്രാഥമികവിവരം. ട്രെയിനിന് തീപിടിച്ചെന്നായിരുന്നു മറ്റുകോച്ചുകളിലെ യാത്രക്കാർ ആദ്യം കരുതിയിരുന്നത്. പിന്നീടാണ് ഒരാൾ തീകൊളുത്തിയതാണെന്ന വിവരമറിഞ്ഞത്. അതേസമയം, അപായച്ചങ്ങല വലിച്ചപ്പോൾ ട്രെയിനിന്റെ മിക്ക കോച്ചുകളും കോരപ്പുഴ പാലത്തിന് മുകളിലായിരുന്നു. ഇതുകാരണം പരിക്കേറ്റവരെ പുറത്തെത്തിക്കാനും താമസം നേരിട്ടു. മറ്റുകോച്ചുകളിലൂടെയാണ് ഇവരെ ട്രെയിനിന് പുറത്തേക്ക് ഇറക്കിയത്. സംഭവം നടന്ന് അരമണിക്കൂറിനുള്ളിൽ പോലീസ് സ്ഥലത്തെത്തി. പൊള്ളലേറ്റവരെയെല്ലാം കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ട്രെയിനിൽ ചില തർക്കമുണ്ടായെന്നും ഇതിനുപിന്നാലെ ഒരാൾ യാത്രക്കാരെ പെട്രോളൊഴിച്ച് തീകൊളുത്തിയെന്നുമായിരുന്നു പുറത്തുവന്ന ആദ്യവിവരങ്ങൾ. സ്ത്രീയെ ലക്ഷ്യമിട്ടാണ് തീകൊളുത്തിയെന്നും സൂചനകളുണ്ടായി. എന്നാൽ D1 കോച്ചിലെ യാത്രക്കാരുടെ പ്രതികരണങ്ങൾ പുറത്തുവന്നതോടെയാണ് ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾക്കെല്ലാം വിരാമമായത്.