andrew symonds latest news
Special Sports

മികച്ച ഓൾറൗണ്ടർ; മറക്കാനാകുമോ ആ സിക്സറുകൾ

നേട്ടങ്ങൾക്കൊപ്പം വിവാദങ്ങളും വിടാതെ പിന്തുടര്‍ന്ന ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ആൻഡ്രു സൈമൺസിന്റെ വിയോ​ഗം ക്രിക്കറ്റ് ലോകത്തെയാകെ ‍ഞെട്ടിച്ചിരിക്കുകയാണ്. 1990കളുടെ അവസാനത്തോടെ രാജ്യാന്തര ക്രിക്കറ്റിലെത്തിയെങ്കിലും 2000 മുതലുള്ള 9 വർഷമായിരുന്നു സൈമൺസിന്റെ പുഷ്ക്കരകാലം. 2012ലെ വിടവാങ്ങൽ പ്രഖ്യാപനം വരെ സൈമൺസ് ക്രിക്കറ്റ് ലോകം അടക്കിവാണു.

ഏതൊരു ടീമും കൊതിക്കുന്ന മികച്ച ഓൾറൗണ്ടറായിരുന്നു സൈമണ്ട്സ്. 1998ലായിരുന്നു രാജ്യാന്തര അരങ്ങേറ്റം. ഓസീസിനായി അദ്ദേഹം അവസാന രാജ്യാന്തര മത്സരം കളിച്ചത് 2009ലാണ്. ആസ്ട്രേലിയയ്ക്കായി 198 ഏകദിനങ്ങളിൽ നിന്ന് 5,088 റൺസും 133 വിക്കറ്റുമാണ് സൈമൺസ് നേടിയത്. ഓസീസിനായി അവസാന മത്സരം കളിച്ചത് 2009ലാണ്.

സൈമൺസ് ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റിൽ ഒരു റെക്കോർ‍ഡിട്ടിരുന്നു. ഗ്ലോസെസ്റ്റർഷർ താരമായിരിക്കെ 1995ൽ പുറത്താകാതെ 254 റൺസ് നേടിയ ഇന്നിങ്സിൽ 16 സിക്സറുകളാണ് അദ്ദേഹം പറത്തിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ഇന്നിങ്സിലെ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരത്തിനുള്ള റെക്കോർഡാണ് ഇതോടെ സൈമൺസ് സ്വന്തമാക്കിയത്. 2015ൽ ഓക്‌ലൻഡ്– സെൻട്രൽ ഡിസ്ട്രിക്ട്സ് മത്സരത്തിൽ 23 സിക്സറുകൾ നേടിയ കിവീസ് താരം കോളിൻ മണ്‍റോയാണ് സൈമൺസിന്റെ റെക്കോർഡ് തകർത്തത്.

2003 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ 126 പന്തിൽ പുറത്താകാതെ 143 റൺസെടുത്ത സൈമൺസിനെ ക്രിക്കറ്റ് പ്രേമികൾക്ക് മറക്കാനാവില്ല. പിന്നാലെ 2003, 2007 വർഷങ്ങളിൽ ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീമിലും അദ്ദേഹം അം​ഗമായി. ഐസിസി ലോക ഇലവനിൽ അദ്ദേഹം മൂന്നു തവണയാണ് ഇടംപിടിച്ചത്. 2005ൽ ഏലീറ്റ് 11ൽ ഇടം ലഭിച്ച സൈമൺസ് പിറ്റേ വർഷം 12–ാമനായി വീണ്ടും ഐസിസി ലോക ഇലവനിലെത്തി. പിന്നീട് 2008ലായിരുന്നു ലോക ഇലവനിലേക്ക് അദ്ദേഹം വീണ്ടും മടങ്ങിയെത്തിയത്.

ഹർഭജനും സൈമൺസുമുള്‍പ്പെട്ട മങ്കിഗേറ്റ് വിവാദം ലോക ക്രിക്കറ്റിൽ കോളിളക്കമുണ്ടാക്കിയിരുന്നു. തന്റെ കരിയര്‍ തന്നെ തകര്‍ത്തത് ഈ സംഭവമായിരുന്നുവെന്ന് പിന്നീട് സൈമൺസ് തുറന്നു പറഞ്ഞിരുന്നു. ഒടുവില്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലേക്ക് വന്നപ്പോള്‍ ഭാജിയും സൈമൺസും പരസ്പരം അടുക്കുകയും നേരത്തേയുണ്ടായ സംഭവത്തിൽ മാപ്പുപറഞ്ഞ് അടുത്ത സുഹൃത്തുക്കളായി മാറുകയും ചെയ്തിരുന്നു.

2008ല്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ മാച്ചിനിടെയാണ് മങ്കിഗേറ്റ് വിവാദമുണ്ടായത്. സിഡ്‌നിയില്‍ നടന്ന ടെസ്റ്റിനിടെ ഇന്ത്യ ബാറ്റ് ചെയ്യവെ ഹര്‍ഭജന്‍ സിങ് ആന്‍ഡ്രു സൈമൺസിനെതിരേ വംശീയാധിക്ഷേപം നടത്തുകയായിരുന്നു. സൈമണ്ട്‌സിനെ ഭാജി കുരങ്ങനെന്നു വിളിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ 2011ലെ ഐപിഎല്ലില്‍ മുംബൈയ്ക്ക് വേണ്ടി ആന്‍ഡ്രു സൈമൺസും ഹര്‍ഭജന്‍ സിങും ഒരുമിച്ച് കളിക്കുന്നതും കാണാന്‍ കഴിഞ്ഞു. മങ്കിഗേറ്റ് വിവാദം കഴിഞ്ഞ് മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു രണ്ടു പേരും ഒരേ ഡ്രസിങ് റൂമിന്റെ ഭാഗമായത്.

Related posts

കസേരയിലിരിക്കാൻ അനുവാദമില്ല; ജലപാനത്തിന് പ്രത്യേകം പാത്രവും ഗ്ലാസും ; ദളിത് യുവതി ആത്മഹത്യ

Sree

ജര്‍മ്മന്‍ ‘ടാങ്കുകള്‍’ ഇരച്ചു കയറിയിട്ടും സ്‌പെയിന്‍ വിജയത്തീരം തൊട്ടു; ആതിഥേയര്‍ മടങ്ങിയത് അധികസമയത്തെ പിഴവില്‍

sandeep

വിഘ്‌നേഷിന് നയന്‍താര സമ്മാനമായി നൽകിയത് 20 കോടിയുടെ ബംഗ്ലാവെന്ന് റിപ്പോര്‍ട്ടുകള്‍…

Sree

Leave a Comment