ഈ അടുത്ത ദിവസങ്ങളില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ കുറവുണ്ടായെങ്കിലും ജനുവരിയിലെ ബാരലിന് 85 ഡോളര്‍ എന്ന നിലയില്‍ നിന്ന് ഇപ്പോള്‍ 113 ഡോളര്‍ എന്ന നിലയിലേക്ക് വില കുതിക്കുന്നത് താങ്ങാനാകുന്നതിനും അപ്പുറമാണ്. നഷ്ടം മറികടക്കാനായി എണ്ണക്കമ്പനികള്‍ ദിനംപ്രതി പെട്രോള്‍, ഡീസല്‍ റീടെയില്‍ വില ഉയര്‍ത്തുകയാണ്.
ഇന്ധനവില കുതിച്ചുയര്‍ന്നതോടെ കാര്‍, സ്‌കൂട്ടര്‍ നിര്‍മാണ കമ്പനികള്‍ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള മെഗാ അനൗണ്‍സ്‌മെന്റുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമല്ല ഗ്രീന്‍ വാഹനങ്ങളായി കണക്കാക്കുക. സിഎന്‍ജി, ബയോ സിഎന്‍ജി, ഹൈബ്രിഡ് വാഹനങ്ങളും ഗ്രീന്‍ വെഹിക്കിള്‍ തന്നെയാണ്.
ഗ്രീന്‍ വാഹനങ്ങള്‍ക്ക് ഡിമാന്റ് ഉയര്‍ന്നതോടെ ഇവയുടെ സ്‌റ്റോക്ക് മൂല്യവും ഉയരുകയാണ്. ഗ്രീന്‍ വെഹിക്കിള്‍ നിര്‍മാണത്തിന് പരമാവധി പിന്തുണ സര്‍ക്കാരും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതിനായി 10,000 കോടി നീക്കി വച്ചതായി മാരുതി സുസുക്കി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഗ്രീന്‍ സ്‌കൂട്ടറുകളുടെ നിര്‍മാണത്തിനായി 1200 കോടി മാറ്റിവച്ചതായി ടിവിഎസും പ്രഖ്യാപിച്ചു.