പുതിയ ചിത്രം ടർബോ പ്രമോഷനായെത്തിയ മമ്മൂട്ടിക്കും സംഘത്തിനും ദോഹയിൽ വൻ വരവേൽപ്. വെള്ളിയാഴ്ച വൈകീട്ട് 7 മണിയോടെ സിദ്ര മാളിൽ നടന്ന പരിപാടിയ്ക്ക് സാക്ഷ്യം വഹിക്കാൻ നൂറുകണക്കിന് ആളുകളാണ് തടിച്ചു കൂടിയത്.
ഖത്തറിലെ മലയാളി ദമ്പതികളുടെ എസ്.എം.എ ടൈപ് വൺ രോഗം ബാധിച്ച പിഞ്ചുകുഞ്ഞ് മൽഖാ റൂഹിയുടെ ചികിത്സാ ധനസമാഹരണം വിജയമാക്കാൻ ഖത്തർ മലയാളികൾ പരമാവധി ശ്രമിക്കണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടു.
ടർബോ ടീമിന്റെ സംഭാവനയുടെ ചെക്ക് മമ്മൂട്ടി ഖത്തർ ചാരിറ്റിക്ക് പ്രതിനിധിക്ക് കൈമാറി. മമ്മൂട്ടിക്ക് പുറമേ സമദ് ട്രൂത്ത്, തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസ് തുടങ്ങിയവരും പങ്കെടുത്തു.
മമ്മൂട്ടി കമ്പനി നിർമിക്കുന്ന ടർബോ വൈശാഖാണ് സംവിധാനം ചെയ്തിരിക്കുന്നത്. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ. മമ്മൂട്ടിക്കു പുറമേ രാജ് ബി ഷെട്ടി, സുനിൽ, അഞ്ജന ജയപ്രകാശ്, കബീർ ദുഹാൻ സിംഗ്, ബിന്ദു പണിക്കർ, ജനാർദ്ദനൻ, സിദ്ദീഖ്, ശബരീഷ് വർമ, ആദർശ് സുകുമാരൻ, ദിലീഷ് പോത്തൻ, പ്രശാന്ത് അലക്‌സാണ്ടർ, വിനീത് തട്ടിൽ, സണ്ണി വെയ്ൻ, നിരഞ്ജന അനൂപ്, ജോണി ആന്റണി തുടങ്ങി വൻ താരനിരയാണ് ടർബോയിൽ എത്തുന്നത്. ജൂൺ 23ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.