രാജസ്ഥാൻ റോയൽസിൻ്റെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ നാട്ടിലേക്ക് മടങ്ങി. ഈ മാസം 22ന് ആരംഭിക്കുന്ന പാകിസ്താനെതിരായ ടി-20 പരമ്പരയ്ക്കുള്ള ഒരുക്കത്തിനായാണ് ബട്ട്ലർ നാട്ടിലേക്ക് മടങ്ങിയത്.
ഇനി ഈ മാസം 15ന് പഞ്ചാബ് കിംഗ്സും 19ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ് ഗ്രൂപ്പ് ഘട്ടത്തിൽ രാജസ്ഥാൻ്റെ എതിരാളികൾ.
ഇത്തവണ ഐപിഎലിൽ അത്ര നല്ല ഫോമിലായിരുന്നില്ല ബട്ട്ലർ. രണ്ട് സെഞ്ചുറികളുണ്ടായിരുന്നെങ്കിലും മറ്റ് മത്സരങ്ങളിലൊക്കെ മികച്ച പ്രകടനം നടത്തുന്നതിൽ ബട്ട്ലർ പരാജയപ്പെട്ടു.
ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ 25 പന്തുകളിൽ നേരിട്ട് വെറും 21 റൺസ് നേടിയ ബട്ട്ലറിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. ലീഗിലെ മറ്റ് ഇംഗ്ലണ്ട് താരങ്ങളും വരും ദിവസങ്ങളിൽ നാട്ടിലേക്ക് മടങ്ങും.
ബട്ട്ലർ മടങ്ങിയതോടെ കൂറ്റനടിക്കാരനായ ഇംഗ്ലീഷ് താരം ടോം കോഹ്‌ലർ-കാഡ്മോർ രാജസ്ഥാനു വേണ്ടി ഓപ്പൺ ചെയ്തേക്കും.
പ്ലേ ഓഫ് യോഗ്യത നേടിയാൽ കാഡ്മോർ ആവും രാജസ്ഥാൻ്റെ ഓപ്പണർ. അതുകൊണ്ട് തന്നെ പ്ലേ ഓഫിനു മുൻപ് കാഡ്മോറിന് രണ്ട് മത്സരങ്ങൾ ലഭിക്കുന്നത് രാജസ്ഥാനും സഹായകമാവും.