India kollam latest news must read

പ്രതികൾ കടയിൽ നിന്ന് വാങ്ങിയത് തേങ്ങ, റസ്‌ക്, ബിസ്‌ക്കറ്റ്; കടയിൽ ഫോൺ ചോദിച്ചത് സ്ത്രീ; സംശയം തോന്നാതിരിക്കാൻ പ്രതികൾ നടത്തിയ നീക്കങ്ങൾ

കൊല്ലം ഓയൂരിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികൾ കൃത്യം നടത്തിയത് വ്യക്തമായ ആസൂത്രണത്തിലൂടെ.

കുട്ടികൾ ട്യൂഷൻ വിട്ട് വരുന്ന സമയം നോക്കി ഈ വഴിയിലെത്തി കുഞ്ഞിനെ കടത്തിക്കൊണ്ടുപോയത് തൊട്ട്, 12 മണിക്കൂർ കേരളം ഒന്നടങ്കം തിരഞ്ഞിട്ടും കാണാമറയത്ത് പതിയിരിക്കാൻ സാധിക്കുന്നത് വിരൽ ചൂണ്ടുന്നത് ഇതിലേക്കാണ്.

ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് അബിഗേൽ സാറ റെജി. മൂത്ത സഹോദരൻ നാലാം ക്ലാസുകാരനായ ജൊനാഥൻ റെജിയുമൊത്ത് സ്‌കൂൾ ബസിൽ വീട്ടിലെത്തിയതാണ് ഇരുവരും.

അൽപനേരം കഴിഞ്ഞ് ഇരുവരും ട്യൂഷൻ സെന്ററിലേക്ക് പോയി. മാതാപിതാക്കളായ റെജിയും സജിയും ജോലിസ്ഥലത്തായിരുന്നു.

വീട്ടിൽ നിന്ന് കഷ്ടിച്ച് 100 മീറ്റർ അകലെയാണ് ട്യൂഷൻ സെന്റർ. റെജിയുടെ അച്ചൻ ജോണിയും അമ്മ ലില്ലിക്കുട്ടിയും ചേർന്നാണ് കുട്ടികളെ ട്യൂഷൻ സെന്ററിലേക്ക് കൊണ്ടുപോയിരുന്നതും വിളിച്ചുകൊണ്ട് വരാറുള്ളതും.

എന്നാൽ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്നാണ് സംഭവ ദിവസം കുട്ടികൾക്കൊപ്പം പോകാതിരുന്നത്.

സമയം വൈകീട്ട് നാലര കഴിഞ്ഞപ്പോഴാണ് വഴിമധ്യേ കുട്ടികളുടെ സമീപത്തായി വെള്ള നിറത്തിലുള്ള കാർ വന്ന് നിന്നത്.

കാറിലിരുന്ന വ്യക്തി ഒരു കടലാസ് ജൊനാഥന് നേർക്ക് നീട്ടിയിട്ട് അത് അമ്മയ്ക്ക് നൽകണമെന്ന് പറഞ്ഞു.

ഉടൻ തന്നെ അബിഗേലിനെ കാറിലേക്ക് വലിച്ച് കയറ്റുകയും ചെയ്തു.

തടയാൻ ശ്രമിച്ച തന്നെ വലിച്ചിഴച്ചതായി സഹോദരൻ ജോനാഥ് പറയുന്നു. ആൺകുട്ടി തടുക്കാൻ ശ്രമിച്ചപ്പോൾ കാർ പെട്ടെന്ന് മുന്നോട്ടെടുക്കുകയും ആൺകുട്ടി താഴെ വീഴുകയുമായിരുന്നു.

ജൊനാഥന്റെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും കാർ അപ്പോഴേക്കും പോയിരുന്നു.

വെള്ള നിറത്തിലുള്ള കാറിലാണ് കുട്ടിയെ കയറ്റിക്കൊണ്ട് പോയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി.

കുട്ടിയെ കടത്തിയ പ്രതികൾ പിന്നീട് മറ്റൊരു കടയിലെത്തി. സംശയം തോന്നാതിരിക്കാൻ സംഘത്തിലുള്ള സ്ത്രീയാണഅ പുറത്തിറങ്ങിയത്.

വീട്ടിലേക്കുള്ള പതിവ് പലചരക്ക് സാധനങ്ങൾ വാങ്ങുന്നത് പോലെ തേങ്ങ, റസ്‌ക്, ബിസ്‌ക്കറ്റ് എന്നിവ വാങ്ങി.

ശേഷം കടയുടമയുടെ ഫോൺ വാങ്ങി കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു.

അഞ്ച് ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. ഒരു സ്ത്രീയാണ് കുട്ടിയുമായി എത്തിയത് എന്നുള്ളതുകൊണ്ടും, അസ്വാഭാവികതയൊന്നും അനുഭവപ്പെടാതിരുന്നതുകൊണ്ടും തന്നെ കടയുടമയ്ക്ക് ആദ്യഘട്ടത്തിൽ സംശയം തോന്നിയിരുന്നില്ല.

മരുതമൺപള്ളി-അമ്പലംകുന്ന് റോഡിൽ വച്ചാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നത്. പലപ്പോഴും വിജനമാണ് ഈ പ്രദേശം.

ഇത് കൃത്യമായി അറിയാവുന്ന അക്രമികൾ അതുകൊണ്ടാണ് കൃത്യം നടത്താനായി ഈ സ്ഥലം തന്നെ തെരഞ്ഞെടുത്തിരിക്കുക.

വ്യക്തമായ ആസൂത്രണത്തോടെ നടന്ന ഈ തട്ടിക്കൊണ്ടുപോകലിന് പിന്നിലെ ലക്ഷ്യം പണം മാത്രമാണോയെന്നും ഈ ഘട്ടത്തിൽ പൊലീസ് സംശയിക്കുന്നുണ്ട്.

കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നു. കൊല്ലം- തിരുവനന്തപുരം ജില്ലാ അതിർത്തി കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.

അധികദൂരം കുട്ടിയുമായി പോകാൻ സാധ്യതയില്ലെന്നും ജില്ലയ്ക്കുള്ളിൽ വ്യാപക പരിശോധന നടത്തുകയാണെന്നും പൊലീസ് പറയുന്നു.

എല്ലാ ജില്ലകളിലും പരിശോധന നടത്താനാണ് ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയുടെ നിർദേശം. ഇതുപ്രകാരം 14 ജില്ലകളിലും അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.

Related posts

‘ഭീകരരുടെ സുരക്ഷിത താവളമായി കാനഡ മാറി; തെളിവില്ലാത്ത ആരോപണങ്ങള്‍ ഉന്നിയിക്കുന്നു’; വിമര്‍ശിച്ച് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി

Akhil

ബലാത്സംഗത്തിനിരയായ 12കാരി ചോരയിൽ കുളിച്ച് നടുറോഡിൽ; തിരിഞ്ഞു നോക്കാതെ നാട്ടുകാരുടെ ക്രൂരത

Akhil

മൂവാറ്റുപുഴയിൽ പ്രണയാഭ്യർഥന നിരസിച്ച യുവതിയെ എയർ ഗൺ ചൂണ്ടി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച 26കാരൻ അറസ്റ്റിൽ

Akhil

Leave a Comment