പത്തനംതിട്ട: പത്തനംതിട്ട ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള മണിയാർ കാട്ടിനുള്ളിൽ നിന്ന് രണ്ടുമാസത്തിലധികം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി. വനത്തിനുള്ളിൽ പെട്രോളിങ് നടത്തിയ ഫോറസ്റ്റ് വാച്ചർ മാരാണ് കാട്ടിനുള്ളിലെ തോട്ടിന് സമീപം അസ്തികൂടം കണ്ടെത്തിയത്. സ്ഥലത്ത് എത്തിയ പൊലീസ് ശാസ്ത്രീയ പരിശോധനകൾ നടത്തി തെളിവുകൾ സ്വീകരിച്ച ശേഷം അസ്ഥികൂടം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് അയച്ചു. ( two months old skeleton in Maniyar forest ).
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മണിയാറിലെ വനത്തിനുള്ളിൽ അസ്ഥികൂടം കിടക്കുന്നതായുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. വനത്തിലൂടെ പരിശോധനകൾക്കായി ഇറങ്ങിയ ഫോറസ്റ്റ് വാച്ചർ മാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ചിറ്റാർ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പാറപ്പുറത്ത് കിടക്കുന്ന അസ്ഥികൂടമാണ് കണ്ടെത്തിയത്.
ഇതിനടുത്തുനിന്ന് മൃതദേഹത്തിൽ ഉണ്ടായിരുന്ന വസ്ത്രങ്ങളുടെ ഭാഗങ്ങളും വാച്ച്, കണ്ണട എന്നിവയും കണ്ടെത്തി. അസ്ഥികൂടത്തിന് സമീപത്തുണ്ടായിരുന്ന ബാഗിനുള്ളിൽ നിന്ന് മരുന്നുകളും ചില പേപ്പറുകളും , ഒരു സിം കാർഡും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഫോറൻസിക് സംഘത്തെ കൊണ്ടുവന്ന ശാസ്ത്രീയ പരിശോധനകൾ നടത്തിയ ശേഷം അസ്ഥികൂടം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി. സമീപത്തെ സ്റ്റേഷനുകളിൽ അടക്കം മാൻ മിസ്സിംഗ് കേസുകളിൽ പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു.
വനത്തിനുള്ളിൽ ഇത്രയും നാൾ ആരുടെയും ശ്രദ്ധയിൽപ്പെടാതെ അസ്ഥികൂടം കിടന്നതിനെ പറ്റിയും, മരിച്ച ആൾ വനത്തിനുള്ളിൽ എത്തിയതിനെപ്പറ്റിയും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. നിലവിൽ പരാതികൾ ഒന്നും ഇല്ലെങ്കിലും കൊലപാതക സാധ്യതകൾ അടക്കം പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു.
READ MORE: https://www.e24newskerala.com/