കോവിന്‍പോർട്ടൽ വഴി ഇനി രക്ത-അവയവ ദാനവും ഉൾപെടുത്താൻ കേന്ദ്ര നടപടി. ഇതിനായുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. പോര്‍ട്ടലിന്റെ നവീകരിച്ച പതിപ്പ് അടുത്തമാസം പകുതിയോടെ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പോര്‍ട്ടലിനു കീഴിലായി കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള സാര്‍വത്രിക പ്രതിരോധ കുത്തിവെപ്പ് പരിപാടിയും (യു.ഐ.പി) നടപ്പിലാക്കും. ഇതുവഴി മുഴുവന്‍ വാക്‌സിനേഷന്‍ സംവിധാനവും ഉടൻ തന്നെ ഡിജിറ്റൈലൈസ് ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നത്. അതോടെ ഗുണഭോക്താക്കളുടെ വിവരശേഖരണം സുഗമമാക്കുമെന്നും അധികൃതർ പറയുന്നു.
ഇതിനൊപ്പം തന്നെ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന സംവിധാനവും പ്ലാറ്റ്‌ഫോമില്‍ തുടരും. പ്രതിരോധ കുത്തിവെപ്പിനുള്ള സ്ലോട്ടുകള്‍ പോര്‍ട്ടല്‍ വഴി നേരത്തെ പോലെ തന്നെ മുന്‍കൂട്ടി ബുക്ക് ചെയ്യാനാകും. മുഴുവന്‍ രോഗപ്രതിരോധ കുത്തിവെപ്പുകളും ഡിജിറ്റൈസ് ചെയ്തുകഴിഞ്ഞാല്‍ എവിടെ വെച്ചാണ് വാക്‌സിനേഷന്‍ നടക്കുന്നത് അവിടെ നിന്നുതന്നെ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യാനാകുമെന്ന് അധികൃതര്‍ പറയുന്നത്.
രക്തദാനവും അവയവദാന പ്രക്രിയകളും കോവിനുമായി സംയോജിപ്പിക്കുന്നത് അനുയോജ്യമായ രക്ത, അവയവ ദാതാക്കളുമായി ആവശ്യക്കാരെ എളുപ്പത്തില്‍ ബന്ധപ്പെടുത്താൻ സഹായിക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യം പദ്ധതി നടപ്പാക്കുക. അതിനായി ഓരോ സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും രണ്ട് ജില്ലകളില്‍ മൂന്നുമാസത്തേക്ക് പുതുക്കിയ പതിപ്പ് ലഭ്യമാക്കും.