ചെട്ടികുളങ്ങര: പമ്പയാറ്റിൽ കോഴഞ്ചേരി പരപ്പുഴക്കടവിനു സമീപത്തെ
കയത്തിൽ മുങ്ങിമരിച്ച സഹോദരങ്ങളായ മെറിന്റെ(18)യും മെഫിന്റെ(15)യും വേർപാട് കണ്ണമംഗലം ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. ഇവരും കാണാതായ എബിൻ മാത്യു(24)വും മാർത്തോമ്മ യുവജനപ്രസ്ഥാനത്തിന്റെ സജീവപ്രവർത്തകരും അടുത്ത കൂട്ടുകാരുമായിരുന്നു.
കുട്ടിക്കാലം മുതൽ മുടങ്ങാതെ മാരാമൺ കൺവെൻഷനു പോകുന്നവരാണിവർ. ഇത്തവണയും മറ്റ് അഞ്ചു കൂട്ടുകാരോടൊപ്പം നാലുബൈക്കുകളിലായി പോകുകയായിരുന്നു. സ്വകാര്യട്യൂഷൻ സെൻററിൽ അധ്യാപകരിൽനിന്നു മുൻകൂട്ടി അനുവാദംവാങ്ങിച്ച് പതിവുതെറ്റാതെ മെഫിൻ കൂട്ടുകാരോടൊപ്പം പോകുകയായിരുന്നു. വലിയ സുഹൃത്ബന്ധത്തിനുടമകളാണു മൂവരും.
സംഭവമറിഞ്ഞ് ഒട്ടേറെ യുവാക്കളാണ് രാത്രിയിൽത്തന്നെ ഇവരുടെ വീട്ടിലെത്തിയത്. കായികരംഗത്തും സജീവമായിരുന്ന മെറിൻ സ്കൂൾ പഠനകാലത്ത് നെറ്റ് ബോളിൽ സംസ്ഥാന ചാമ്പ്യനായിരുന്നു. ഇപ്പോൾ ജില്ലാ ജൂനിയർ ടീം ക്യാപ്റ്റനാണ്.