കത്ത് വിവാദത്തിൽ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഡി.ആര്‍ അനില്‍ രാജിവച്ചു. രാജികത്ത് കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് കൈമാറി. തദ്ദേശ മന്ത്രി എം ബി രാജേഷ് വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ഡിആര്‍ അനിലിനെ ചുമതലയില്‍ നിന്നും മാറ്റാന്‍ തീരുമാനിച്ചിരുന്നു. പിന്നാലെയാണ് രാജി.സിപിഐഎം അനിലിന്റെ രാജിക്കായി നേരത്തെ സംസ്ഥാന നേതൃത്വത്തിന്റെ അനുമതി തേടിയിരുന്നു. തുടര്‍ന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റില്‍ രാജി സംബന്ധിച്ച് തീരുമാനമായി. പിന്നാലെ കോര്‍പ്പറേഷനില്‍ നടത്തിവരുന്ന പ്രതിഷേധം അവസാനിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളും തീരുമാനിക്കുകയായിരുന്നു.
കത്ത് എഴുതിയത് താനാണെന്ന് ഡി ആര്‍ അനില്‍ നേരത്തെ സമ്മതിച്ചിരുന്നു. മന്ത്രിമാര്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയിലെ തീരുമാനം പൂര്‍ണമായി അംഗീകരിക്കുന്നുവെന്ന് സിപിഐഎം പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും പറഞ്ഞു.
അതേസമയം തനിക്കെതിരെയുളള ആരോപണം ശരിയല്ലെന്ന് ഡി ആര്‍ അനില്‍ പ്രതികരിച്ചു. കോര്‍പ്പറേഷനുമായി ബന്ധപ്പെട്ടതല്ല താന്‍ എഴുതിയ കത്തിലുള്ളത്. മാറി നില്‍ക്കാനാണ് ആവശ്യപ്പെട്ടത്. തന്റെ പാര്‍ട്ടി തന്നെ ഒറ്റപ്പെടുത്തില്ല. പാര്‍ട്ടി സംരക്ഷിക്കുമെന്നും ഡി ആര്‍ അനില്‍ വ്യക്തമാക്കിയിരുന്നു