തൃശൂരിലെ സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിൽ പിടിയിലായ മുഖ്യപ്രതി പ്രവീൺ റാണയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. 126 കോടി രൂപയുടെ നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രവീൺ റാണയേയും അംഗരക്ഷകരേയും പൊലീസ് അതിസാഹസികമായിട്ടായിരുന്നു പിടികൂടിയിരുന്നത്. കോയമ്പത്തൂരിൽ നിന്നാണ് പ്രവീൺ റാണ അറസ്റ്റിലായത്. ഈ മാസം 6നായിരുന്നു ഇയാൾ സംസ്ഥാനം വിട്ടിരുന്നത്. ( police will arrest praveen rana today)
ഇന്നലെ വൈകീട്ടാണ് ഇയാളെ കോയമ്പത്തൂരിൽ നിന്നും തൃശൂരിലേക്ക് എത്തിച്ചത്. കോയമ്പത്തൂരിനും പൊള്ളാച്ചിക്കും ഇടയിലെ ദേവരായപുരത്തായിരുന്നു പ്രവീൺ റാണയുടെ താമസം. ഏറുമാടം കെട്ടി അംഗരക്ഷകർക്കൊപ്പം സ്വാമി വേഷത്തിൽ കഴിയുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ പട്ടികളെ അഴിച്ചുവിട്ടു. തുടർന്ന് പൊലീസ് ഇയാളെ അതി സാഹസികമായി പിടികൂടുകയായിരുന്നു. മൂന്ന് അംഗരക്ഷകരേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതര സംസ്ഥാനത്തും പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് പ്രവീൺ ഇന്നലെ വൈകുന്നേരത്തോടെ ദേവരായപുരത്തു നിന്ന് കസ്റ്റഡിയിലാകുന്നത്.
തൃശൂരിലെ സേഫ് ആന്റ് സ്‌ട്രോങ്ങ് മാർക്കറ്റിംഗ് കൺസൾട്ടൻസിയിലൂടെയാണ് പ്രവീണ് റാണ തട്ടിപ്പ് നടത്തിയത്. നിക്ഷേപകരോട് 48% വരെ റിട്ടേൺ ലഭിക്കുമെന്ന് പറഞ്ഞ് പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു. ഇത്തരത്തിൽ നൂറ് കോടി രൂപയുടെ തട്ടിപ്പാണ് പ്രവീൺ റാണ നടത്തിയിരിക്കുന്നത്. വാർത്ത പുറത്ത് വന്നതോടെ കൂടുതൽ പരാതികൾ വരുന്നുണ്ട്. ഇതോടെ തട്ടിയ പണത്തിന്റെ മൂല്യം 150 കോടി കടക്കുമെന്നാണ് റിപ്പോർട്ട്.
കള്ളപ്പണം ഒളിപ്പിക്കാനായി സിനിമയിലും പണം മുടക്കിയെന്നാണ് വിവരം. 2020 ൽ അനൻ എന്ന ചിത്രം നിർമിക്കുകയും ഇതിൽ കേന്ദ്രകഥാപാത്രമായി എത്തുകയും ചെയ്തിട്ടുണ്ട് പ്രവീൺ റാണ. 2022 ലെ ചോരൻ എന്ന സിനിമയും നിർമിച്ച് അതിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് പ്രവീൺ റാണയായിരുന്നു.
READ MORE: https://www.e24newskerala.com/