കുവൈത്തിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് ഇന്ന്. 15 വനിതകൾ ഉൾപ്പെടെ 207 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. 5 മണ്ഡലങ്ങളിൽ നിന്നു 10 പേർ വീതം, മൊത്തം 50 പേരെയാണ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കുക. തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു.
വെറും 10 വർഷത്തിനുള്ളിൽ നടക്കുന്ന ഏഴാം റൗണ്ട് പാർലമെന്റ് തെരഞ്ഞെടുപ്പാണിത്. കൂടാതെ 3 വർഷത്തിനിടെ നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പും. 7.96 ലക്ഷം വോട്ടർമാരാണ് കുവൈത്തിലുള്ളത്. ഇതിൽ 4,06,895 പേരും വനിതകളാണ്. രാവിലെ എട്ട് മുതൽ രാത്രി എട്ട് മണിവരെയാണ് വോട്ടെടുപ്പ്. ഇതിന് ശേഷം വോട്ടെണ്ണൽ ആരംഭിക്കും.
ഏപ്രിൽ നാലിന് നിലവിൽ വന്ന പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താൻ കുവൈത്ത് അമീർ ഉത്തരവിട്ടതിനെ തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയുടെ അസാധാരണ യോഗം പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.