ബെയ്ജിംഗ് – ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആളെ മരണത്തിന് മുന്നിൽ നിന്ന് രക്ഷിച്ചത് ബ്ലോഗറിന്റെ ഇടപെടൽ. ചൈനയിലെ ഗുവാംഗ്ഡോംഗ് പ്രവിശ്യയിലാണ് സംഭവം. റെസ്റ്റോറന്റിലെത്തിയ ആൾ നീരാളി കൊണ്ടുള്ള വിഭവത്തിനാണ് ഓർഡർ നൽകിയത്. വിഭവം മുന്നിലെത്തിയെങ്കിലും അസ്വഭാവികത തോന്നിയതോടെ ഭക്ഷ്യ വിഭവത്തിന്റെ ചിത്രം പകർത്തി ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
നീരാളികളിൽ ഒന്നിൽ നീല നിറത്തിലെ വളയങ്ങൾ കണ്ടതായിരുന്നു സംശയത്തിന് കാരണം. ഇത് കഴിക്കാൻ പറ്റുന്നതാണോ എന്ന അടിക്കുറിപ്പോടെ ചിത്രം പോസ്റ്റ് ചെയ്തു. ചിത്രം ഭാഗ്യത്തിന് സയൻസ് ബ്ലോഗറായ ബോ വൂ സാ ഷീയുടെ ശ്രദ്ധയിൽപ്പെട്ടു. മിനിറ്റുകൾക്കുള്ളിൽ തന്നെ അദ്ദേഹം മറുപടി നൽകി. ഇത് കഴിക്കാൻ പാടില്ല. കാരണം അതൊരു ബ്ലൂ റിംഗ്ഡ് ഒക്ടോപസ് ആയിരുന്നു.
ഇതിന് ഉയർന്ന അളവിലുള്ള വിഷമുണ്ടെന്നും ചൂടാക്കിയത് കൊണ്ട് അതില്ലാതാകില്ലെന്നും ഷീ ചൂണ്ടിക്കാട്ടി. ഏതായാലും ചിത്രം പകർത്തിയതിന് പിന്നാലെ തന്നെ നീരാളി വിഭവം തനിക്ക് വേണ്ടെന്ന് കാട്ടി അയാൾ മടക്കി അയച്ചിരുന്നു.