മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിൻ്റെ ബയോപിക് ‘സബാഷ് മിത്തു’വിൻ്റെ ട്രെയിലർ പുറത്ത്. തപ്സി പന്നു മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രത്തിൻ്റെ ട്രെയിലർ മിതാലി തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിട്ടുണ്ട്. ജൂലായ് 15ന് ചിത്രം തീയറ്ററുകളിലെത്തും. വയാകോം 18 സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രം ശ്രീജിത് മുഖർജിയാണ് സംവിധാനം ചെയ്യുന്നത്. (shabaash mithu trailer out)
ഒരു വനിതാ താരമെന്ന നിലയിൽ മിതാലിയുടെ ജീവിതം എന്നതിനപ്പുറം ഇന്ത്യൻ വനിതാ ക്രിക്കറ്റിൻ്റെ പ്രതിസന്ധികൾ കൂടി ചിത്രം സൂചിപ്പിക്കുന്നതായി ട്രെയിലറിൽ കാണാം. 16ആം വയസിൽ ഇന്ത്യൻ ടീമിൽ അരങ്ങേറി രണ്ടര പതിറ്റാണ്ടോളം വനിതാ ക്രിക്കറ്റിൻ്റെ തലപ്പത്ത് തന്നെ നിറഞ്ഞുനിന്ന മിതാലിയുടെ ബാല്യകാലം മുതൽ ചിത്രത്തിൽ അവതരിപ്പിക്കുന്നു.
തപ്സിക്കൊപ്പം വിജയ് റാസും ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. പ്രിയ ആവെൻ ആണ് ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിർഷ റേയ് ക്യാമറ കൈകാര്യം ചെയ്യും. ശ്രീകർ പ്രസാദ് എഡിറ്റും അമിത് ത്രിവേദി സംഗീത വിഭാഗവും കൈകാര്യം ചെയ്യും. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ.