മുംബൈ: പങ്കാളിയായ യുവതിയെ കൊലപ്പെടുത്തി കട്ടിലിനടിയിലെ അറയിൽ ഒളിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മുംബൈയിൽ നഴ്സായ മേഘ(37)യെ കൊലപ്പെടുത്തിയ കേസിലാണ് പങ്കാളിയായ ഹർദിക് ഷായെ പോലീസ് പിടികൂടിയത്. കൃത്യം നടത്തിയശേഷം രക്ഷപ്പെട്ട ഇയാളെ പാൽഘറിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ റെയിൽവേ പോലീസാണ് കസ്റ്റഡിയിലെടുത്തത്.
മുംബൈയ്ക്ക് സമീപത്തെ വാടകവീട്ടിൽവെച്ചാണ് ഹർദിക് ഷാ കാമുകിയും പങ്കാളിയുമായ മേഘയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. നഴ്സായി ജോലിചെയ്യുന്ന മേഘയും ഹർദിക്കും മൂന്നുവർഷമായി പ്രണയത്തിലായിരുന്നു. ആറുമാസം മുമ്പാണ് ഇരുവരും ഒരുമിച്ച് താമസം ആരംഭിച്ചത്. ഒരുമാസം മുമ്പ് നിലവിലെ വാടകവീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു.
നഴ്സായ മേഘയാണ് വീട്ടിലെ ചെലവുകളെല്ലാം വഹിച്ചിരുന്നതെന്നാണ് പോലീസ് നൽകുന്നവിവരം. ഹർദിക്കിന് ജോലിയൊന്നും ഉണ്ടായിരുന്നില്ല. ഇതേച്ചൊല്ലി ഇരുവർക്കുമിടയിൽ വഴക്ക് പതിവായിരുന്നുവെന്നും ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.