യുവതാരം തിലക് വർമയെ പുകഴ്ത്തി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഉടൻ തന്നെ താരം ഇന്ത്യക്കായി മൂന്ന് ഫോർമാറ്റിലും കളിക്കുമെന്ന് രോഹിത് പറഞ്ഞു. 19കാരനായ തിലക് 2020ൽ ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് ടീമിനായി കളിച്ച താരമാണ്. പിന്നീട് ആഭ്യന്തര മത്സരങ്ങളിൽ ഹൈദരാബാദിനായി പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് താരത്തെ മുംബൈയിലെത്തിച്ചത്.
മുംബൈ ഇന്ത്യൻസിനായി സീസണിൽ ഏറ്റവുമധികം റൺസെടുത്ത താരമാണ് തിലക് വർമ. 12 ഇന്നിംഗ്സുകളിൽ നിന്ന് 386 റൺസ് നേടിയ താരം ഒരു ഐപിഎൽ സീസണിൽ ഏറ്റവുമധികം റൺസ് നേടുന്ന കൗമാര താരമെന്ന റെക്കോർഡും സ്വന്തമാക്കി. 2017ൽ ഋഷഭ് പന്ത് സ്കോർ ചെയ്ത 366 റൺസിൻ്റെ റെക്കോർഡാണ് തിലക് തകർത്തത്. ഓറഞ്ച് ക്യാപ്പ് പട്ടികയിൽ ഏഴാമതുള്ള താരത്തിന് 41 ശരാശരിയും 133 സ്ട്രൈക്ക് റേറ്റുമുണ്ട്.
“ഗംഭീരമായാണ് തിലക് കളിക്കുന്നത്. വളരെ ശാന്തമായ നിലയിൽ കളിക്കുക എന്നത് എളുപ്പമല്ല. ഉടൻ തന്നെ അദ്ദേഹം ഇന്ത്യക്കായി മൂന്ന് ഫോർമാറ്റുകളിലും കളിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. അതിനുള്ള ടെക്നിക്കും കഴിവും തിലകിനുണ്ട്. ഉയർന്ന തലത്തിൽ കളിക്കുമ്പോൾ അതാണ് ഏറ്റവും അത്യാവശ്യം.”- രോഹിത് ശർമ്മ പറഞ്ഞു.