സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബായ അൽ നസറിൽ ചേർന്നു. റെക്കോർഡ് തുക നൽകിയാണ് ക്ലബ്ബ് റൊണാൾഡോയെ നേടിയത്. പ്രതിവർഷം 620 കോടിയാണ് റൊണാൾഡോയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോയുമായുള്ള കരാർ അവസാനിപ്പിച്ചത്. ( Cristiano Ronaldo will play for Saudi Arabian club Al Nassr until 2025).
റൊണാൾഡോ സൗദി ക്ലബ്ബിലേക്ക് എത്തുമെന്ന് മുൻപുതന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. 7 എന്ന നമ്പരുള്ള ജേഴ്സിയുമായി റൊണാൾഡോ നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് അൽപ സമയം മുൻപ് തങ്ങളുടെ ഔദ്യോഗിക ഹാൻഡിലിലൂടെ അൽ നസർ അറിയിപ്പ് നടത്തിയത്. ചരിത്രം സംഭവിക്കുന്നു. ഇത് ക്ലബ്ബിന് മാത്രമല്ല, ഞങ്ങളുടെ ലീഗിനും ഞങ്ങളുടെ രാജ്യത്തിനും വരും തലമുറയ്ക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് പ്രചോദനമാകും. അൽ നസറിലേക്ക് റൊണാൾഡോയ്ക്ക് സ്വാഗതം. അൽ നസറിന്റെ ഔദ്യോഗിക ട്വീറ്റ് ഇങ്ങനെ.
‘മറ്റൊരു രാജ്യത്തെ പുതിയ ഫുട്‌ബോള്‍ ലീഗിനൊപ്പമുള്ള പുത്തന്‍ അനുഭവങ്ങള്‍ക്കായി കാത്തിരിക്കുന്നു. അല്‍ നസറിന്റെ കാഴ്ച്ചപ്പാടുകള്‍ വളരെ പ്രചോദനം നല്‍കുന്നുണ്ട’്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒരു സൗദി മാധ്യമത്തോട് പറഞ്ഞത് ഇങ്ങനെ. 2025 വരെയാണ് ക്രിസ്റ്റ്യാനോ അല്‍ നസറിലുണ്ടാകുക. റൊണാള്‍ഡോ സൗദി ക്ലബ്ബില്‍ ചേര്‍ന്നതോടെ താരത്തിന്റെ ചാമ്പ്യന്‍സ് ലീഗ് മോഹങ്ങള്‍ കൂടിയാണ് അവസാനിക്കുന്നത്.