ഫുട്ബോളിന്‍റെ എക്കാലത്തേയും ഇതിഹാസ താരം പെലെ അന്തരിച്ചു. 82 വയസായിരുന്നു. അർബുദ ബാധിതനായതിനെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പെലെയുടെ ഏജന്റ് ജോ ഫ്രാഗയാണ് മരണം സ്ഥിരീകരിച്ചത്. മരണം മകളും സ്ഥിരീകരിച്ചു.
മൂന്നു ലോകകപ്പുകൾ നേടിയ ടീമിൽ അംഗമായ ഒരേയൊരാളാണ് അദ്ദേഹം. 1958, 1962, 1970 ലോകകപ്പുകൾ നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്നു. എഡ്‍സൺ ആരാന്‍റസ് ഡൊ നസിമെന്‍റോ എന്നായിരുന്നു യഥാർത്ഥ പേര്. തോമസ് എഡിസണിന്‍റെ പേര് മാതാപിതാക്കൾ അദ്ദേഹത്തിന് നൽകുകയിരുന്നു. പിന്നീട് വാസ്കോ ഗോൾകീപ്പർ ബിലേയിൽ നിന്നാണ് പെലെ എന്ന വിളിപ്പേര് വന്നത്. ലോകം കണ്ട മികച്ച ഫുട്ബോളർമാരിൽ അഗ്രഗണ്യനാണ് പെലെ.
പതിനഞ്ചാം വയസിൽ പ്രെഫഷണൽ ക്ലബായ സാന്റോസിനുവേണ്ടി പന്ത് തട്ടിയായിരുന്നു തുടക്കം. മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്നതിനിടയിൽ പതിനാറാം വയസിലാണ് പെലെ ബ്രസീൽ ഫുട്ബോൾ ടീമിലേക്കെത്തിയത്. ആദ്യം മത്സരിച്ചത് പരമ്പരാഗത വൈരികളായ അർജന്റീനയ്ക്കെതിരെയും. അന്ന് അർജന്റീനയോട് ബ്രസീൽ 1-2ന് തോറ്റെങ്കിലും ബ്രസീലിന്റെ ഏകഗോൾ നേടി പെലെ തന്റെ അരങ്ങേറ്റം കൊഴുപ്പിച്ചു. 58 ൽ തന്റെ പതിനേഴാംവയസിൽ സ്വീഡനെതിരായ ലോകകപ്പ് ഫൈനലിലൂടെ അദ്ദേഹം ഫുട്ബോൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റുകയായിരുന്നു.
1962ലും 1963ലും സാന്‍റോസിന് ഇന്‍റർകോണ്ടിനന്‍റൽ കപ്പ് നേടിക്കൊടുത്തു കളിച്ചിരുന്ന കാലത്ത് ഏറ്റവും പ്രതിഫലം ലഭിച്ചിരുന്ന കായികതാരമായിരുന്നു പെലെ. ഇരുകാലുകൾ കൊണ്ടും ഗോൾ നേടാനുള്ള അദ്ദേഹത്തിന്റെ കഴിവ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കി. 1367 മത്സരങ്ങളിൽ നിന്ന് 1297 ഗോളുകൾ നേടിയ താരാണ് അദ്ദേഹം. ബ്രസീൽ ജഴ്സിയിൽ 77 ഗോളുകൾ നേടി. രാജ്യാന്തര ഒളിംപിക് കമ്മിറ്റി നൂറ്റാണ്ടിന്‍റെ കായിക താരമായും അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു.