വിനോദ സഞ്ചാരത്തിന് പേരുകേട്ട സ്ഥലമാണ് രാജസ്ഥാൻ. മരുഭൂമിയും കോട്ടകളും രാജകീയ വീഥികളും മാത്രമല്ല രാജസ്ഥാനിന് സ്വന്തമായുള്ളത്. പേടിപ്പെടുത്തുന്ന പ്രേതകഥകളിലെ കോട്ടകളും ഇവിടെയുണ്ട്. ഏതാണ് ആ കോട്ട എന്നറിയാമോ? സഞ്ചാരികളിൽ ഭയത്തിന്റെ വിത്ത് പാകുന്ന ആ കോട്ടയുടെ പേരാണ് ഭംഗാർ കോട്ട.
രാജസ്ഥാൻ ജില്ലയിലെ അൽവാർ ജില്ലയിലാണ് ഭംഗാർ കോട്ട സ്ഥിതി ചെയ്യുന്നത്. പതിനേഴാം സെഞ്ചുറിയിൽ പണികഴിപ്പിച്ച കോട്ടയെ ചുറ്റിപറ്റി നിരവധി പ്രേതകഥകളാണ് ഉള്ളത്. പണ്ടത്തെ മുഗൾ ചക്രവർത്തിയും അക്ബറിന്റെ ജനറലുമായിരുന്ന മാൻസിംഗിന്റെ മകൻ മധോസിങ്ങാണ് കോട്ട പണികഴിപ്പിച്ചത്. 400 വർഷത്തോളം പഴക്കമുള്ള ഈ കോട്ടയും ചുറ്റുമുള്ള നഗരവും ഉപേക്ഷിക്കപ്പെട്ട നിലയിൽ തകർന്നു കിടക്കുകയാണ്. ഇന്ത്യയിൽ ഹോണ്ടഡ് പ്ലേസിൽ ഒന്നായാണ് ഈ കോട്ട അറിയപ്പെടുന്നത് തന്നെ.
നിങ്ങൾക്ക് പ്രേതകഥകളിലും ശാപങ്ങളിലുമൊന്നും വിശ്വാസമില്ലെങ്കിലും കോട്ടയെ ചുറ്റിപ്പറ്റിയുള്ള ഭീകരതയ്ക്ക് പിന്നിലുള്ളത് ഈ ഐതീഹ്യങ്ങളാണ്. അതിൽ ഒരു കഥ ഇതാണ്. ആ കോട്ട സ്ഥിതി ചെയുന്ന സ്ഥലത്തു പണ്ട് താമസിച്ചിരുന്നത് ഗുരു ബാലു നാഥ് എന്ന സന്യാസിയായിരുന്നു. കോട്ട പണിയുന്നതിന് മുമ്പ് മധോസിംഗ് സന്യാസിയെ സമീപിക്കുകയും സന്യാസി ഒരു നിബന്ധന മധോ സിംഗിന് മുന്നിൽ വെക്കുകയും ചെയ്തു. എന്താണെന്നല്ലേ? കോട്ടയുടെ നിഴൽ ഒരിക്കലും തന്റെ വീടിനു മേൽ വീഴരുതെന്ന്. വീഴുന്ന പക്ഷം വലിയൊരു ദുരന്തം സംഭവിക്കുമെന്നും പ്രവചിച്ചു. പക്ഷെ മധോസിംങിന്റെ പിൻഗാമികളിൽ ഒരാൾ ഈ വ്യവസ്ഥ തെറ്റിക്കുകയും ശാപം ഫലിക്കുകയും ചെയ്‌തെന്നാണ് കഥ.
ഇനിയും ഏറെയുണ്ട് ഭംഗാർ കോട്ടയെ ചുറ്റിപറ്റി മാന്ത്രിക കഥകൾ. മറ്റൊരു കഥ എന്താണെന്നറിയാമോ?
ഭംഗാർകോട്ടയിൽ അതിസുന്ദരിയായ ഒരു രാജകുമാരി ഉണ്ടായിരുന്നു. ആ പ്രദേശത്തെ ദുർമന്ത്രവാദി അവളെ കാണുകയും അവളുടെ സൗന്ദര്യത്തിൽ മയങ്ങി രാജകുമാരിയോട് പ്രണയത്തിലാവുകയും ചെയ്തു. രാജകുമാരിയെ തന്റെ വശ്യതയിലാക്കാൻ രാജകുമാരി ഉപയോഗിക്കുന്ന എണ്ണയിൽ മന്ത്രവാദം ചെയ്തു. പക്ഷെ രാജകുമാരി ഇതറിയുകയും ഈ എണ്ണ അടുത്തുള്ള പ്രദേശത്തേക്ക് എറിയുകയും ചെയ്തു. അവിടെയുള്ള പാറകല്ലിൽ ചെന്ന് ഈ എണ്ണ പതിച്ചു. ദുർമന്ത്രവാദിയുടെ മന്ത്രം ഫലിക്കുകയും പാറകല്ലുരുണ്ട് അയാളുടെ മേൽ വീഴുകയും അത് അയാളെ മരണത്തിലേക്ക് തള്ളിവിടുകയും ചെയ്തു. പക്ഷെ തന്റെ അവസാന ശ്വാസത്തിന് മുൻപ് അയാൾ ഭംഗാർ പട്ടണത്തെ ശപിച്ചു.
അയാളുടെ ശാപ വാക്കിൽ ഭംഗാർ പട്ടണം നശിക്കാൻ തുടങ്ങി. അടുത്ത വർഷം തന്നെ ശത്രുവുമായുള്ള യുദ്ധത്തിൽ ഭംഗർ ഭരണാധികാരി പരാജയപ്പെടുകയും അദ്ദേഹത്തിന്റെ മുഴുവൻ സൈന്യവും ഇല്ലാതാകുകയും ചെയ്തു. ഭംഗാർ പ്രദേശവാസികളെല്ലാം ക്രൂരമായി കൊല്ലപ്പെടുകയും ചെയ്തു. രാജകുമാരിക്ക് എന്തുപറ്റിയെന്നത് നിഗൂഡമായ രഹസ്യമാണ്. രാജകുമാരി അതിന്റെ പരിസരത്ത് ചുറ്റിത്തിരിയുന്നുണ്ടെന്നും അവിടെ നിന്ന് രാത്രികാലങ്ങളിൽ ബഹളം കേൾക്കാറുണ്ടെന്നും പറയപ്പെടുന്നു.
ഇങ്ങനെ തുടങ്ങി നിരവധി പേടിപ്പെടുത്തുന്ന കഥകളാണ് ഭംഗാർ കോട്ടയെ ചുറ്റിപ്പറ്റിയുള്ളത്. പക്ഷെ ഭംഗാർ കോട്ടയുടെ പരിസരത്ത് എവിടെയും ഹോണ്ടഡ് എന്ന് എഴുതിവെച്ചിട്ടില്ല. പക്ഷെ സൂര്യാസ്തമയത്തിന് മുമ്പും സൂര്യാസ്തമയത്തിന് ശേഷവും ഭംഗാർ കോട്ടയുടെ പരിസരത്ത് പോകുന്നത് വിലക്കിയിട്ടുണ്ട്. പേടിപ്പെടുത്തുന്ന സംഭവങ്ങളുടെയും നടന്ന മരണങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇതെന്നാണ് പറയപ്പെടുന്നത്.
ഈ പ്രദേശത്തിന്റെ വേറൊരു പ്രത്യേകത എന്തെന്നാൽ ഈ പ്രദേശത്തെ വീടുകൾക്കൊന്നും മേൽക്കൂര ഇല്ല എന്നതാണ്. ഇവിടുത്തെ വീടുകൾക്ക് മേൽക്കൂര പണിയാൻ സാധിക്കാറില്ല എന്നും പണി തീരുന്നതിനു മുമ്പേ അത് തകർന്നു വീഴാറാണെന്നും പറയപ്പെടുന്നു. പ്രേദശത്തെ ശപിച്ച സന്യാസിയാണ് ഇതിന് കാരണമെന്നാണ് വിശ്വാസം. വേറൊരു വിചിത്രമായ കാര്യമെന്തെന്നാൽ ഇവിടുത്തേക്ക് വിദേശികൾക്ക് അനുമതിയില്ലാതെ പ്രവേശനമില്ല. ഇന്ത്യയിൽ വിദേശികൾക്ക് അനുമതിയില്ലാതെ കയറി ചെല്ലാൻ പറ്റാത്ത ഒരു സ്ഥലമാണിത്.
ആരെങ്കിലും ഇവിടേക്ക് പോകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ -പകൽ സമയം പോയാൽ മതിയെന്ന് മാത്രം.