രാജ്യത്തെ ഗോതമ്പ് കയറ്റുമതി താൽക്കാലികമായി നിരോധിച്ച് കേന്ദ്ര സർക്കാർ. പ്രാദേശിക വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഏപ്രിലിൽ ഗോതമ്പ് വില ദശാബ്ദത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമാണ് ഇന്ത്യ.
മേയ് 13 മുതൽ എല്ലാത്തരം ഗോതമ്പുകളുടെയും കയറ്റുമതി നിരോധിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. വാർഷിക ഉപഭോക്തൃ വില പണപ്പെരുപ്പം, ഏപ്രിലിൽ എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.79 ലേക്കും, ചില്ലറ ഭക്ഷ്യ പണപ്പെരുപ്പം 8.38 ശതമാനമായി ഉയർന്നെന്നുമുള്ള കണക്കുകൾ വന്നതിന് പിന്നാലെയാണ് നടപടി.
ധാന്യ വില കൂടിയിട്ടും കേന്ദ്രസർക്കാർ ഗോതമ്പ് കയറ്റുമതി തുടരുന്നതിനെതിരെ പലഭാഗങ്ങളിലും നിന്നും പ്രതിഷേധം ഉയർന്നുവന്നിരുന്നു. കയറ്റുമതി തുടരുന്നത് രാജ്യത്തെ ഭക്ഷ്യക്ഷാമത്തിലേക്കും പട്ടിണിയിലേക്കും നയിക്കുമെന്നായിരുന്നു വിമർശനം.