1957 ജൂലൈ 7ന് പതിനാറാം വയസിൽ അർജന്റീനക്കെതിരെ ബ്രസീൽ കുപ്പായത്തിൽ അരങ്ങേറ്റം. 17ാം വയസിൽ ലോകകപ്പ് നേട്ടം
സാവോപോളോ: കാൽപ്പന്തുകളിയിലെ ഏകരാജാവാണ് പെലെ. ചരിത്രം ആഴത്തിൽ ചേർത്തുപിടിച്ച ഇതിഹാസതാരം വിടവാങ്ങുമ്പോൾ കാൽപന്തുകളിയെ ഇഷ്ടപ്പെടുന്നവർക്ക് തീരാത്ത നഷ്ടം. ഫുട്ബോളിനെ അറിയുന്നവർക്ക് അത്രമേൽ പ്രിയപ്പെട്ടവൻ. ഒറ്റവരിയിൽ പറഞ്ഞാൽ ഫുട്ബോൾ ഒരു ഹൃദയമാണെങ്കിൽ പെലെ അതിലെ തുടിപ്പാണ് പെലെ. കാൽപ്പന്തുകൾക്ക് ഏറ്റവുമിഷ്ടം പെലെയുടെ കാലുകൾക്കൊപ്പം ഒട്ടിച്ചേർന്ന് ഉരുളാനായിരുന്നു. ആ പന്തുകൾക്കറിയാം അവസാനസ്പർശമൊക്കെയും ചരിത്രത്തിലേക്കാകുമെന്ന്.
പെലെയുടെ പൂർണ നാമം. എഡ്‌സൺ അരാന്റസ് ദൊ നാസിമെന്റോ എന്നാണ്. 1940 ഒക്ടോബർ 23ന് സാവോപോളോയിലെ ദരിദ്രകുടുംബത്തിൽ പിറന്നു. അച്ഛന്‍ ജോവോ റാമോസ് ഡൊ നാസിമെന്റോ ഡൊണീഞ്ഞ്യോ, അമ്മ സെലെസ്റ്റേ അരാന്റസ്. പതിനഞ്ചാംവയസിൽ അത്ഭുതബാലൻ സാന്റോസിലൂടെ ആദ്യ ചുവടുറപ്പിച്ചു. 1957 ജൂലൈ 7ന് പതിനാറാം വയസിൽ അർജന്റീനക്കെതിരെ ബ്രസീൽ കുപ്പായത്തിൽ അരങ്ങേറ്റം.
ആദ്യകളി തോറ്റെങ്കിലും പെലെ ഗോളടിച്ചു. തൊട്ടുപിന്നാലെ ലോകകപ്പ് ടീമിലുമെത്തി. 1958ലെ സ്വീഡൻ ലോകകപ്പിൽ ആകെ നേടിയത് ആറ് ഗോളുകൾ. സെമിയിൽ ഫ്രാൻസിനെതിരെ ഹാട്രിക്. അന്ന് മധുരപ്പതിനേഴിൽ ലോകകപ്പിൽ ഹാട്രിക് നേടി. അവിടെയും തീർന്നില്ല, ഫൈനലിൽ സ്വീഡനെതിരെ നേടിയത് ഇരട്ടഗോൾ. പോരെങ്കിൽ ഏറ്റവും മികച്ച യുവതാരമെന്ന നേട്ടവും കിരീടധാരണവും.
പിന്നാലെ 1962, 1970 വർഷങ്ങളിലും ലോകകിരീടമുയർത്തി പെലെയും സംഘവും. ആകെ 14 ലോകകപ്പ് മത്സരങ്ങളാണ് പെലെ കളിച്ചത്. നേടിയത് 12 ഗോളുകൾ. മൂന്ന് ലോകകപ്പ് നേടിയ ഏകതാരം. 1970 ലോകകപ്പിൽ ഗോൾഡൻ ബോൾ പെലെയെ തേടിയെത്തി.
ബ്രസീലിനായി 92 മത്സരങ്ങളിൽ 77 ഗോളുകളടിച്ചു. പ്രൊഫഷണൽ കരിയറിൽ ആകെ 1363 മത്സരങ്ങളിൽ നിന്ന് 1281 ഗോളുകൾ. 1971 ജൂലൈ 18ന് ബ്രസീൽ ജഴ്സിയിൽ അവസാന മത്സരം കളിച്ചു. 1977 ഒക്ടോബർ 1ന് സാന്റോസ് കുപ്പായത്തിൽ അവസാന പ്രൊഫഷണൽ പോരാട്ടം. കരിയറിൽ ആകെക്കളിച്ചത് രണ്ടേ രണ്ട് ക്ലബ്ബുകൾക്ക് വേണ്ടി. സാന്റോസിനെക്കൂടാതെ ന്യൂയോര്‍ക്ക് കോസ്‌മോസിൽ മാത്രം.
വിമരമിച്ച ശേഷവും ഫുട്ബോൾ തന്നെ ജീവിതമായി തുടർന്നു. 1995ൽ ബ്രസീൽ കായികമന്ത്രിയായി. ഒടുവിൽ നൂറ്റാണ്ടിന്റെ താരമെന്ന ഫിഫയുടെ ആദരമെത്തി. പെലെ ഇനിയില്ല.
ആ ചടുലചുവടുകൾ ബാക്കിവച്ചുപോയ ജ്വലിക്കുന്ന ഓർമകൾ ഇവിടെത്തന്നെയുണ്ട്. ഫുട്ബോൾ നിലനിൽക്കുന്നിടത്തോളം കാലം.
Also read:%e0%b4%85%e0%b4%a8%e0%b5%8d/https://www.e24newskerala.com/sports/qatar-worlcup/%e0%b4%ab%e0%b5%81%e0%b4%9f%e0%b5%8d%e0%b4%ac%e0%b5%8b%e0%b5%be-%e0%b4%87%e0%b4%a4%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b8%e0%b4%82-%e0%b4%aa%e0%b5%86%e0%b4%b2%e0%b5%86-%e0%b4%85%e0%b4%a8%e0%b5%8d/