
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് 15ന് പ്രഖ്യാപിക്കുമെന്ന് സൂചന. ചീഫ് സെക്രട്ടറിയുടെ അനുമതിക്ക് പിന്നാലെ പൊതു വിദ്യാഭ്യാസ ഡയറക്ടറാകും ഔദ്യോഗിക പ്രഖ്യാപനം നടത്തുക. ഇന്നലെ ചേർന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (QIP) യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്.
ഫലം 15ന് തന്നെ പ്രഖ്യാപിക്കണമെന്ന ആവശ്യം അധ്യാപക സംഘടനകൾ ശക്തമായി മുന്നോട്ടുവെച്ചിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടറും ഇതേ നിലപാടാണ് സ്വീകരിച്ചത്. ഇന്ന് നടക്കുന്ന പരീക്ഷ ബോർഡ് യോഗത്തിൽ വിഷയം ചർച്ച ചെയ്ത് അന്തിമ തീരുമാനം അംഗീകരിക്കും.
ഫലപ്രഖ്യാപനം വൈകിയാൽ വിദ്യാർത്ഥികളുടെ പ്രവേശന നടപടികൾ ഉൾപ്പെടെയുള്ള തുടർകാര്യങ്ങളെ ബാധിക്കാമെന്ന് അധ്യാപക സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
