
മെയ് 3ന് നടന്ന NEET UG 2026 പരീക്ഷ റദ്ദാക്കിയതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. മറ്റൊരു തീയതിയിൽ പരീക്ഷ വീണ്ടും നടത്താൻ തീരുമാനമായിട്ടുണ്ട്. പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് കൈമാറാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.പുതിയ പരീക്ഷ തീയതികൾ പിന്നീട് പ്രഖ്യാപിക്കും. ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് വീണ്ടും രജിസ്ട്രേഷൻ ആവശ്യമില്ല. അധിക പരീക്ഷാ ഫീസും ഈടാക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.വിദ്യാർത്ഥികളും രക്ഷിതാക്കളും വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റുകൾ മാത്രം ആശ്രയിക്കുക.
പരീക്ഷയ്ക്ക് മുമ്പ് പ്രചരിച്ച ഗസ് പേപ്പറിലെ 120 ചോദ്യങ്ങൾ യഥാർത്ഥ NEET UG പരീക്ഷയിൽ ഉൾപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. പരീക്ഷയുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കുന്നതിനായി അന്വേഷണ ഏജൻസികളുമായി പൂർണമായി സഹകരിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) അറിയിച്ചു.
ഇത്തരം വാർത്തകൾ വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ആശങ്ക സൃഷ്ടിക്കാമെന്ന് വ്യക്തമാക്കിയ എൻടിഎ, അന്വേഷണം പൂര്ത്തിയാക്കാൻ ബന്ധപ്പെട്ട ഏജൻസികൾക്ക് ആവശ്യമായ സമയം അനുവദിക്കണമെന്നും അഭ്യർഥിച്ചു.
മെയ് 7 വൈകുന്നേരമാണ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻടിഎയ്ക്ക് ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു. പിന്നാലെ മെയ് 8ന് തന്നെ വിവരങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറുകയും ചെയ്തു.
മെയ് 3ന് നടന്ന NEET UG പരീക്ഷ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിച്ചാണ് നടത്തിയതെന്ന് എൻടിഎ വ്യക്തമാക്കി. ജിപിഎസ് സൗകര്യമുള്ള വാഹനങ്ങളിലൂടെയാണ് ചോദ്യപേപ്പറുകൾ എത്തിച്ചതെന്നും പരീക്ഷാകേന്ദ്രങ്ങളിൽ സിസിടിവി നിരീക്ഷണവും ബയോമെട്രിക് പരിശോധനയും ഉൾപ്പെടെ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നുവെന്നും എൻടിഎ അറിയിച്ചു.
