അവസാന ശ്വാസം വരെ കർമനിരതനായ കമ്യൂണിസ്റ്റ്; പുരോഗമന കേരളത്തെ പരുവപ്പെടുത്തിയ സമര പോരാട്ടങ്ങളുടെ മുന്നണിപ്പോരാളി; വിഎസ് വിട വാങ്ങുമ്പോൾ

വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ്.അച്യുതാനന്ദൻ വിട വാങ്ങുമ്പോൾ ഒരു നൂറ്റാണ്ടോളം നീണ്ട സംഭവബഹുലമായ ജീവിതത്തിനാണ് അന്ത്യമാകുന്നത്. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, അവസാന ശ്വാസം വരെ കർമനിരതനായ കമ്യൂണിസ്റ്റ്, പുരോഗമന കേരളത്തെ പരുവപ്പെടുത്തിയ സമര പോരാട്ടങ്ങളുടെ മുന്നണിപ്പോരാളി എന്നിങ്ങനെ വി.എസ് മലയാളികളുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം അത്രമേൽ ആഴത്തിലുള്ളതാണ്

സഖാവ് വി.എസ്. അതിൽ കൂടുതലൊരു മുഖവുര ആവശ്യമില്ല. എട്ട് പതിറ്റാണ്ടുകാലം കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക സ്പന്ദനത്തിന്റെ ഭാഗമായിരുന്ന വി.എസ്സിനോളം വലിയൊരു നേതാവ് ഇനി മലയാളിക്കില്ല. പുന്നപ്ര-വയലാർ സമരനായകനായിട്ടാണ് വി.എസ് പോരാട്ടവഴികളിൽ സജീവമാകുന്നത്. മരിച്ചെന്നുകരുതി സർ സി.പിയുടെ പൊലീസ് വലിച്ചെറിഞ്ഞ കാട്ടിൽ നിന്നും ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ വി.എസ് അവസാനശ്വാസം വരെ ആ പോരാട്ടവീര്യം കാത്തുസൂക്ഷിച്ചു.

സംഘടനാരംഗത്ത് അതിവേഗത്തിലായിരുന്നു വി.എസ്സിന്റെ വളർച്ചയെങ്കിലും പാർലമെന്ററി രംഗത്ത് ഏറിയും കുറഞ്ഞുമാണ് വി.എസ് ഓരോ പടികളും കയറിയത്. മലയാളികളെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പ്രവൃത്തിയിലൂടെ ബോധ്യപ്പെടുത്തിയ മുഖ്യമന്ത്രി, ഭരണകൂടത്തെ വിറപ്പിച്ച പ്രതിപക്ഷ നേതാവ്… പാർലമെന്ററി രംഗത്ത് വി.എസ് തീർത്ത ചലനങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്.

പാർട്ടിക്കകത്ത് വലതുപക്ഷ വ്യതിയാനത്തിനെതിരെ പോരാടിയ വി.എസ്സിനെ നേതൃത്വം വേട്ടയാടിയപ്പോഴും ജനകീയ പിന്തുണയുടെ ബലത്തിലാണ് തിരിച്ചടിച്ചത്. പലപ്പോഴും മത്സരിക്കാൻ സീറ്റ് നിഷേധിച്ചെങ്കിലും ജനങ്ങൾ ഇടപെട്ട് പാർട്ടിയുടെ നിലപാട് തിരുത്തി. അവസാന ശ്വാസം വരെ കർമനിരതനായിരുന്നു ആ കമ്യൂണിസ്റ്റ്. വി.എസ്സിന് മലയാളി നൽകിയ ഇടം ഇനിയൊരു നേതാവിന് ലഭിക്കുമോ എന്ന കാര്യം സംശയമാണ്. അടുത്തൊരു നൂറ്റാണ്ടിന് കൂടി കരുത്ത് പകർന്നാണ് ഒരു നൂറ്റാണ്ടോളം നീണ്ട ആ വലിയ ജീവിതത്തിന് തിരശ്ശീല വീഴുന്നത്.

Leave a Reply

Your email address will not be published. Required fields are marked *