സൂര്യയല്ല, അജിത്കുമാർ ആയിരുന്നു ആദ്യം ഗജിനി ചെയ്യേണ്ടിയിരുന്നത് ; എ.ആർ മുരുഗദോസ്


താൻ സൂര്യയെ നായകനാക്കി സംവിധാനം ചെയ്ത ഗജിനി എന്ന ചിത്രം ആദ്യം ചെയ്യേണ്ടിയിരുന്നത് അജിത് കുമാറായിരുന്നുവെന്ന് സംവിധായകൻ എ.ആർ മുരുഗദോസ്. അജിത്തിനെ വെച്ച് ചിത്രം രണ്ട് ദിവസത്തോളം ഷൂട്ട് ചെയ്യുകയും ചെയ്തിരുന്നുവെന്നും മുരുഗദോസ് പറയുന്നു. ശിവകാർത്തികേയനെ നായകനാക്കി മുരുഗദോസ് സംവിധാനം ചെയ്യുന്ന മദ്രാസിയുടെ പ്രമോഷണൽ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

“അജിത്കുമാറിനെ വെച്ചാണ് ഗജിനി തുടങ്ങിയത് എന്നാൽ മറ്റ് ചില ചിത്രങ്ങളും അദ്ദേഹത്തിന് ഒരേ സമയം ചെയ്യേണ്ടിയിരുന്നു. ആര്യ അഭിനയിച്ച നാൻ കടവുൾ എന്ന ചിത്രം ആദ്യമായി ചെയേണ്ടിയിരുന്നത് അജിത്കുമാറായിരുന്നു. അതിനായി അദ്ദേഹം മുടി വളർത്തിക്കൊണ്ടിരുന്ന സമയമായതിനാൽ ഗജിനിക്ക് വേണ്ടി തല മൊട്ടയടിക്കാൻ സാധ്യമല്ലായിരുന്നു. അതാണ് പ്രധാന കാരണം. എന്നാൽ നോർമൽ ലുക്കിലുള്ള സഞ്ജയ് രാമസ്വാമിയെന്ന കഥാപാത്രമായി അദ്ദേഹം രണ്ട് ദിവസം അഭിനയിച്ച ഫുട്ടേജ് ഞാനിപ്പോഴും സൂക്ഷിച്ചിട്ടുണ്ട്” എ.ആർ മുരുഗദോസ് പറയുന്നു.

അന്ന് ആ ചിത്രം നടക്കാതെ താമസം നേരിട്ടതിനാൽ പിനീട് തിരക്കഥയിൽ വീണ്ടും കുറയെ നല്ല മാറ്റങ്ങൾ ഉണ്ടാക്കിയെന്നും ഒരു തരത്തിൽ അത് ചിത്രത്തിന് ഗുണമേകിയെന്നും അദ്ദേഹം പറഞ്ഞു. എ.ആർ മുരുഗദോസിന്റെ ആദ്യ ചിത്രമായ ‘ദീന’യിലും അജിത്കുമാർ ആയിരുന്നു നായകൻ. ദീനയുടെ വമ്പൻ വിജയത്തിന് ശേഷം ഇരുവരും വീണ്ടുമൊന്നിക്കുന്നുവെന്ന പ്രത്യേകതയോടെ ‘മിറട്ടൽ’ എന്ന പേരിലായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. ഇതിനായി ഷൂട്ട് ചെയ്ത പ്രത്യേക പ്രമോഷണൽ പോസ്റ്ററുകൾ ഇപ്പോഴും ഇന്റർനെറ്റിൽ കാണാൻ സാധിക്കും.

2006ൽ റിലീസ് ചെയ്ത ഗജിനി സൂര്യയുടെ കരിയറിൽ വഴിത്തിരിവായ ചിത്രമായി മാറിയിരുന്നു. അസിൻ നായികയായ ചിത്രത്തിലെ ഹാരിസ് ജയരാജ് ഈമിട്ട ഗാനങ്ങളെല്ലാം മെഗാ ഹിറ്റുകളായി മാറി. ചിത്രത്തിന്റെ വമ്പൻ വിജയം ഗജിനി ഹിന്ദിയിലേക്ക് ആമിർ ഖാനെ വെച്ച് റീമേക്ക് ചെയ്യാനും എ.ആർ മുരുഗദോസിന്റെ പ്രേരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *