‘റഷ്യയിൽ നിന്ന് വാങ്ങുന്ന എണ്ണ വിറ്റ് ഇന്ത്യ വൻ ലാഭമുണ്ടാക്കുന്നു; തീരുവ വർദ്ധിപ്പിക്കും’; ഇന്ത്യക്കെതിരെ വീണ്ടും ട്രംപ്

‘റഷ്യയിൽ നിന്ന് വാങ്ങുന്ന എണ്ണ വിറ്റ് ഇന്ത്യ വൻ ലാഭമുണ്ടാക്കുന്നു; തീരുവ വർദ്ധിപ്പിക്കും’; ഇന്ത്യക്കെതിരെ വീണ്ടും ട്രംപ്

ഇന്ത്യക്കുമേൽ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ റഷ്യയിൽ നിന്ന് ഊർജ്ജ ഉത്പന്നങ്ങൾ വാങ്ങുക മാത്രമല്ല, അത് വിറ്റ് വലിയ ലാഭമുണ്ടാക്കുന്നുണ്ടെന്നും സൂചിപ്പിച്ചാണ് ട്രംപിന്റെ സമൂഹ മാധ്യമ പോസ്റ്റ്. യുക്രെയിനിൽ കൊല്ലപ്പെടുന്നവരെക്കുറിച്ച് ഇന്ത്യക്ക് ആശങ്കയില്ലെന്ന കുറ്റപ്പെടുത്തലും പോസ്റ്റിലുണ്ട്.

സമാന ആരോപണം യു എസ് ഡെപ്യൂട്ടി ചീഫ് നടത്തിയിരുന്നു. റഷ്യയിൽ എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യയാണ് യുക്രെയ്ൻ യുദ്ധം സ്‌പോൺസർ ചെയ്യുന്നതെന്നായിരുന്നു വിമർശനം. അതേസമയം ട്രംപിന്റെ തീരുവ ഭീഷണിയിൽ ഇന്ത്യ മറുപടിയുമായി രം​ഗത്തെത്തിയിരുന്നു. യുക്രെയ്ൻ സംഘർഷത്തിന് ശേഷം റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്തതിന് അമേരിക്കയും യൂറോപ്യൻ യൂണിയനും ഇന്ത്യയെ ലക്ഷ്യം വക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.
ആഗോള ഊർജ്ജ വിപണി സ്ഥിരത ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയുടെ ഇറക്കുമതിയെ അമേരിക്ക സജീവമായി പ്രോത്സാഹിപ്പിച്ചിരുന്നു. ഇന്ത്യയെ വിമർശിക്കുന്ന രാജ്യങ്ങൾ തന്നെ റഷ്യയുമായി വ്യാപാരത്തിൽ ഏർപ്പെടുന്നുവെന്നും വിദേശകാര്യ മന്ത്രാലയം തിരിച്ചടിച്ചു.അമേരിക്കയ്ക്ക് ഇരട്ടത്താപ്പെന്നാണ് ഇന്ത്യയുടെ ശക്തമായ വിമർശനം. അമേരിക്ക ഇന്ത്യയെ ലക്ഷ്യമിടുന്നത് ന്യായീകരിക്കാനാകില്ല. ദേശീയ താത്പര്യം സംരക്ഷിക്കാൻ ഇന്ത്യക്ക് അറിയാമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *