‘ജീവനക്കാരെ വിളിച്ചുവരുത്താനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അവകാശമില്ല’; കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിനെതിരെ വിസി

‘ജീവനക്കാരെ വിളിച്ചുവരുത്താനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അവകാശമില്ല’; കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിനെതിരെ വിസി


കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിനെതിരെ വൈസ് ചാന്‍സിലര്‍ ഡോ മോഹനന്‍ കുന്നുമ്മല്‍. ജീവനക്കാരെ വിളിച്ചുവരുത്താനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സിന്‍ഡിക്കേറ്റിന് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കി. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് സര്‍വകലാശാല ഭരണത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും ഉത്തരവ്. വൈസ് ചാന്‍സിലര്‍ക്കുവേണ്ടി രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് മിനി കാപ്പന്‍ ആണ് നോട്ടീസ് നല്‍കിയത്.

സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഫയലുകള്‍ വിളിച്ചുവരുത്താന്‍ പാടില്ല. അംഗങ്ങള്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ മാത്രമേ അധികാരം പ്രയോഗിക്കാന്‍ പാടുള്ളൂ. അല്ലാത്ത സാഹചര്യങ്ങളില്‍ വിസിയുടെ അനുമതിയോട് കൂടി തീരുമാനമെടുക്കണം. യോഗത്തിന് പുറത്ത് പുറപ്പെടുവിക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് സര്‍വകലാശാല ഭരണത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും ഉത്തരവില്‍ പറയുന്നു. അംഗങ്ങളുടെ സമന്‍സുകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ജീവനക്കാര്‍ മറുപടി നല്‍കേണ്ട. അത്തരത്തില്‍ ഇടപെടലുകള്‍ അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടായാല്‍ വിസിയെ അറിയിക്കണമെന്നും നോട്ടീസില്‍ വ്യക്തമാക്കി. വൈസ് ചാന്‍സിലര്‍ക്കുവേണ്ടി രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് മിനി കാപ്പന്‍ ആണ് നോട്ടീസ് പുറപ്പെടുവിച്ചത്.

സര്‍വകലാശാല പ്രതിസന്ധി രൂക്ഷമായി തന്നെ തുടരുകയാണ്. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ അംഗീകരിക്കതെ സമവായം സാധ്യമല്ലെന്ന നിലപാടില്‍ തുടരുകയാണ് വിസി. സര്‍വകലാശാലയില്‍ എത്തിയ വിസി ഫയല്‍ നീക്കവുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങളും എടുത്തു. കഴിഞ്ഞ ദിവസം കെ എസ് അനില്‍കുമാര്‍ അയച്ച യൂണിവേഴ്‌സിറ്റി യൂണിയന്‍ ഫണ്ടിനുള്ള ഫയല്‍ വിസി തിരിച്ചയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *