
ഇന്ത്യയിലെ പ്രധാന ലീഗായ ഇന്ത്യൻ സൂപ്പർ ലീഗ് (ISL) എന്ന് തുടങ്ങുമെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. അതിനിടയിൽ താരങ്ങളുടെയും, മറ്റ് സ്റ്റാഫ് അംഗങ്ങളുടെയും ശമ്പളം മരവിപ്പിച്ചിരിക്കുയാണ് ബെംഗളൂരു എഫ് സി. ഇന്ത്യൻ ഇതിഹാസം സുനിൽ ഛേത്രി അടക്കമുള്ള താരങ്ങളുടെ ശമ്പളമാണ് മരവിപ്പിച്ചിരിക്കുന്നത്. ഒന്നാം ടീമിലെ സപ്പോർട്ട് സ്റ്റാഫുകളുടെയും താരങ്ങളുടെയും ശമ്പളം അനിശ്ചിതകാലത്തേക്കാണ് മരവിപ്പിച്ചിരിക്കുന്നതെന്ന് ക്ലബ് അധികൃതർ അറിയിച്ചു.
ഇന്ത്യയിൽ ഒരു ഫുട്ബോൾ ക്ലബ് നടത്തിക്കൊണ്ട് പോവുക എന്നത് വെല്ലുവിളികൾ നിറഞ്ഞ ഒരു കാര്യമാണ്. കഴിഞ്ഞുപോയ സീസണുകളിലെല്ലാം ആ വെല്ലുവിളികൾ മാറ്റിവെച്ചുകൊണ്ട് തങ്ങൾ നന്നായി പ്രവർത്തിച്ചിട്ടുണ്ടെന്നും, ലീഗിന്റെ പ്രതിസന്ധി മൂലമുണ്ടായ ഈ തീരുമാനം ഏറെ ബുദ്ധിമുട്ടേറിയതായിരുന്നെന്നും ക്ലബ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. ലീഗിന്റെ ഭാവി എന്തെന്നതിൽ തീരുമാനമാകാത്തിടത്തോളം ഇതല്ലാതെ മറ്റ് മാർഗങ്ങൾ തങ്ങളുടെ മുന്നിൽ ഇല്ല. താരങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും, പരിഹാരം എന്തെന്നറിയാൻ കാത്തിരിക്കുകയാണെന്നും, ക്ലബ് പ്രസ്താവനയിൽ പറഞ്ഞു. ഈ തീരുമാനം യൂത്ത് ടീമുകളുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് ക്ലബ് കൂട്ടിച്ചേർത്തു.
എന്നാൽ, ഈ അനിശ്ചിതത്വങ്ങൾക്കിടയിൽ കേരള ബ്ലാസ്റ്റേഴ്സ് അടക്കമുള്ള എട്ട് ക്ലബ്ബ്കളുമായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഡൽഹിയിൽ വച്ച് യോഗം വിളിച്ചിട്ടിട്ടുണ്ട്. ഓഗസ്റ്റ് ഏഴിനാണ് യോഗം നടക്കുക. ഐഎസ്എൽ പ്രതിസന്ധി ചൂണ്ടിക്കാട്ടി ക്ലബ്ബുകൾ നേരത്തെ ഫെഡറേഷന് കത്തും അയച്ചിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ നടത്തിപ്പുകാരായ എഫ്എസ്ഡിഎല്ലും എഐഎഫ്എഫും തമ്മിലുള്ള എംആർഎ പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് ലീഗ് തന്നെ പ്രതിസന്ധിയിലായത്. 2025 സെപ്റ്റംബറിൽ ഐഎസ്എൽ തുടങ്ങുമെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോർട്ടുകളെങ്കിലും ഡിസംബറിൽ എംആർഎ അവസാനിക്കും എന്നത് ലീങ്ങിന്റെ ഭാവിയെ പ്രതിസന്ധിയിലാക്കി.
