
മലയാളി ലോങ് ജംപ് താരം മുരളി ശ്രീശങ്കറിന് വീണ്ടും സുവര്‍ണ നേട്ടം. പരിക്കു മാറി ജംപിങ് പിറ്റിലേക്ക് മടങ്ങിയെത്തിയ താരം ലോക അത്‌ലറ്റിക്‌സ് കോണ്ടിനെന്റല്‍ ടൂറിലെ ഇന്ത്യന്‍ ഓപ്പണ്‍ പോരാട്ടത്തിലാണ് നേട്ടം സ്വന്തമാക്കിയത്. രാജ്യത്ത് ആദ്യമായാണ് ഈ പോരാട്ടം അരങ്ങേറുന്നത്. 16 രാജ്യങ്ങളിലെ താരങ്ങളുമായാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കുന്നത്.
സീസണിലെ മികച്ച ദൂരം താണ്ടിയാണ് ശ്രീശങ്കറിന്റെ നേട്ടം. അവസാന ശ്രമത്തില്‍ 8.13 മീറ്റര്‍ കടന്നാണ് താരം സ്വര്‍ണം ഉറപ്പിച്ചത്. ലോങ് ജംപില്‍ സ്വര്‍ണം, വെള്ളി, വെങ്കല നേട്ടങ്ങള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കാണ്. ഷഹ്നാസ് ഖാന്‍ 8.04 മീറ്റര്‍ താണ്ടി വെള്ളിയും 7.85 മീറ്റര്‍ കടന്നത് ലോകേഷ് സത്യനാഥന്‍ വെങ്കലവും നേടി.
സീസണിലെ നാലാം കിരീടമാണ് ശ്രീശങ്കര്‍ നേടുന്നത്. ദിവസങ്ങള്‍ക്കു മുന്‍പ് കസാഖിസ്ഥാനില്‍ നടന്ന ഖ്വാസ്നോവ് മെമോറിയല്‍ അത്ലറ്റിക്സ് മീറ്റില്‍ താരം 7.94 മീറ്റര്‍ താണ്ടി കിരീടം സ്വന്തമാക്കിയിരുന്നു.
