ഫിഫ്റ്റിയടിച്ച് കരുണ്‍, സുന്ദറും ക്രീസില്‍; ഓവലില്‍ ആദ്യദിനം ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് നഷ്ടം

ഫിഫ്റ്റിയടിച്ച് കരുണ്‍, സുന്ദറും ക്രീസില്‍; ഓവലില്‍ ആദ്യദിനം ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് നഷ്ടം

മികച്ച രീതിയിൽ ബാറ്റുചെയ്യവേ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ റണ്ണൗട്ടായതോടെ ഇന്ത്യ പരുങ്ങലിലായി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന്റെ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ഇന്ത്യ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തിട്ടുണ്ട്. കരുണ്‍ നായര്‍ (52), വാഷിംഗ്ടണ്‍ സുന്ദര്‍ (19) എന്നിവരാണ് ക്രീസില്‍. ഇംഗ്ലണ്ടിന് വേണ്ടി ജോഷ് ടംഗ്, ഗസ് അറ്റ്കിന്‍സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മഴ കാരണം പലപ്പോഴായി മത്സരം തടസപ്പെട്ടിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ തിരിച്ചടികളോടെ ആയിരുന്നു. യശസ്വി ജയ്‌സ്വാൾ (2), കെഎൽ രാഹുൽ (14) എന്നിവർ വേഗം പുറത്തായി. മികച്ച രീതിയിൽ ബാറ്റുചെയ്യവേ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (21) റണ്ണൗട്ടായതോടെ ഇന്ത്യ പരുങ്ങലിലായി. സായ് സുദർശൻ (38) പ്രതിരോധിച്ചുനിന്നെങ്കിലും വൈകാതെ ജോഷ് ടങ്ങിന് മുന്നിൽ കീഴടങ്ങി. രവീന്ദ്ര ജഡേജയും (9) ധ്രുവ് ജുറേലും (19) കൂടി ബാറ്റിങ്ങിൽ പരാജയപ്പെട്ടതോടെ ഇന്ത്യ തകർ‌ന്നു.

എന്നാൽ ആറാം വിക്കറ്റിൽ ഒന്നിച്ച കരുൺ നായരും വാഷിങ്ടൺ സുന്ദറും ചേർന്ന് ഇന്ത്യയെ വലിയ തകർച്ചയിൽ നിന്ന് കരകയറ്റി. ഇരുവരും 51 റൺസിന്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയർത്തി. ഏഴ് ബൗണ്ടറികളോടെ കരുൺ നായർ തന്റെ അർധസെഞ്ച്വറി പൂർത്തിയാക്കിയത്. മഴമൂലം 64 ഓവറാണ് ആദ്യദിനം എറിയാനായത്.

Leave a Reply

Your email address will not be published. Required fields are marked *