‘പാകിസ്താനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്’; വാർത്താ സമ്മേളത്തിൽ അജിത്ത് അഗാര്‍ക്കറെ വിലക്കി BCCI

പാകിസ്താന്‍ വിഷയവുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കേണ്ടെന്ന് മാധ്യമപ്രവര്‍ത്തകനോടും പറഞ്ഞു.

പാകിസ്താനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കൊന്നും മറുപടി നൽകേണ്ടെന്ന് ചീഫ് സെലക്ടര്‍ അജിത്ത് അഗാര്‍ക്കറിനോട് ബിസിസിഐ.

ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം പ്രഖ്യാപനവുമായി ബന്ധപ്പെട്ടു നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ പാകിസ്താനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതില്‍ നിന്ന് ചീഫ് സെലക്ടര്‍ അജിത്ത് അഗാര്‍ക്കറെ യോഗത്തിലുണ്ടായിരുന്ന ബിസിസിഐ പ്രതിനിധി തടഞ്ഞു. തുടര്‍ന്ന് പാകിസ്താനുമായി ബന്ധപ്പെട്ട ചോദ്യങ്ങളൊന്നും ചോദിക്കേണ്ടെന്ന നിര്‍ദേശവും ഈ ബിസിസിഐ പ്രതിനിധി മാധ്യമങ്ങള്‍ക്ക് നല്‍കി.

മുംബൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു അഗാര്‍ക്കര്‍. ഇതിനിടെയായിരുന്നു മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ പാകിസ്താനുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചത്. അഗാര്‍ക്കര്‍ പ്രതികരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വേദിയില്‍വെച്ച് ഉടന്‍ തന്നെ ബിസിസിഐ പ്രതിനിധി ഇടപെട്ട് ഒരു അഭിപ്രായവും പറയേണ്ടെന്ന സൂചന നല്‍കിയത്.

പാകിസ്താന്‍ വിഷയവുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കേണ്ടെന്ന് മാധ്യമപ്രവര്‍ത്തകനോടും പറഞ്ഞു. ബിസിസിഐ മീഡിയ മാനേജറാണ് ഇയാളെന്നാണ് റിപ്പോര്‍ട്ട്.

സെപ്റ്റംബര്‍ 14-ന് ദുബായിലാണ് ഇന്ത്യ – പാകിസ്താന്‍ ഏഷ്യാ കപ്പ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണവും ഇന്ത്യയുടെ സിന്ദൂര്‍ ഓപ്പറേഷനും ശേഷം കളിക്കളത്തില്‍ ഇതാദ്യമായാണ് ഇരുരാജ്യങ്ങളും നേര്‍ക്കുനേര്‍ വരുന്നത്. ഇരുവരും ഒരേ ഗ്രൂപ്പിലാണുള്ളത്. പഹല്‍ഗാം ഭീകരാക്രമണം അടക്കം കണക്കിലെടുത്ത് പാകിസ്താനെതിരേ കളിക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പിന്മാറണമെന്ന് വിവിധ കോണുകളില്‍ നിന്ന് മുറവിളി ഉയരുന്നുണ്ട്. അടുത്തിടെ ലെജന്‍ഡ്‌സ് ലീഗില്‍ ഇന്ത്യന്‍ ടീം പാകിസ്താനെതിരായ മത്സരങ്ങള്‍ ബഹിഷ്‌കരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *