
കൈവിട്ടുപ്പോകുമെന്ന് കരുതിയ മത്സരത്തെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റിയ വമ്പൻ പോരാട്ടമായിരുന്നു ഓവലിൽ കഴിഞ്ഞ ദിവസം കണ്ടത്. ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്റെ മികവിൽ അവിശ്വസനീയ വിജയവും ഇന്ത്യ അഞ്ചാം ടെസ്റ്റിൽ സ്വന്തമാക്കി. എറിഞ്ഞ ആയിരത്തിൽ പരം ബൗളുകളിൽ നിന്ന് സിറാജ് സ്വന്തമാക്കിയത് 23 വിക്കറ്റുകൾ.
ഈ നേട്ടങ്ങൾക്ക് പിന്നാലെ താരത്തിന്റെ ഫിറ്റ്നസ് രഹസ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് സഹോദരൻ മുഹമ്മദ് ഇസ്മാഈൽ. ആരോഗ്യത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയും നടത്താത്ത വ്യക്തിയാണ് സിറാജ്. ഹൈദരാബാദുകാരനായ അദ്ദേഹം നാട്ടിൽ വരുമ്പോൾ അപൂർവമായി മാത്രമാണ് ബിരിയാണി കഴിക്കുന്നത്. അതും വീട്ടിൽ ഉണ്ടാക്കുന്നത് മാത്രം. ഫാസ്റ്റ് ഫുഡുകൾ ഒന്നും തന്നെ കഴിക്കാറില്ല. കഠിനമായ ഡയറ്റ് പ്ലാൻ നോക്കുന്ന ആൾ ആണ് സിറാജെന്നും സഹോദരൻ. ഡയറ്റിനൊപ്പം ജിമ്മിലെ വ്യായാമങ്ങൾക്കും തുല്യപ്രാധാന്യമാണ് സിറാജ് നൽകുന്നത്.
ജോലിഭാരമോ വിശ്രമമോ സിറാജിന്റെ കാര്യത്തിൽ ഒരു പ്രശ്നമായി മാറിയില്ല. ഇന്ത്യയ്ക്കായി അഞ്ച് ടെസ്റ്റ് മത്സരങ്ങളിലും അദ്ദേഹം കളത്തിൽ ഇറങ്ങി. പരിക്കുകൾ അലട്ടിക്കൊണ്ടിരുന്ന ജസ്പ്രീത് ബുമ്രയ്ക്ക് മാനേജ്‌മന്റ് വിശ്രമം അനുവദിച്ചപ്പോൾ, മുഹമ്മദ് സിറാജ് ഇന്ത്യയുടെ കുന്തമുനയായി മാറി. വിമർശനങ്ങൾ ഏറെ കേട്ടിരുന്ന സിറാജ് ഈ ഒറ്റ മത്സരത്തിലൂടെ മറുപടിയും നൽകി.
