2025 ലെ ഏഷ്യാ കപ്പിൽ ടീമിൽ നിന്ന് മകൻ ശ്രേയസ് അയ്യരെ തഴഞ്ഞതിൽ പ്രതികരണവുമായി പിതാവ് സന്തോഷ് അയ്യർ

2025 ലെ ഏഷ്യാ കപ്പിൽ ടീമിൽ നിന്ന് മകൻ ശ്രേയസ് അയ്യരെ തഴഞ്ഞതിൽ പ്രതികരണവുമായി പിതാവ് സന്തോഷ് അയ്യർ. ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനായി ബാറ്റർ 600 ലധികം റൺസ് നേടിയിട്ടും മറ്റ് ഫോർമാറ്റിലും തുടർച്ചയായി തിളങ്ങിയിട്ടും പരിഗണിക്കാത്തത് ഏറെ നിരാശ നൽകുന്നുവെന്ന് പിതാവ് പറഞ്ഞു. തന്റെ മകനും നിരാശനാണെന്നും എന്നാൽ അത് തന്റെ വിധിയെന്ന് മാത്രമേ പറയൂവെന്നും ആരെയും കുറ്റപ്പെടുത്തില്ലെന്നും സന്തോഷ് പറഞ്ഞു.
‘നിങ്ങൾ അദ്ദേഹത്തിന് ക്യാപ്റ്റൻസി നൽകണമെന്ന് ഞാൻ പറയുന്നില്ല, പക്ഷേ കുറഞ്ഞത് അദ്ദേഹത്തെ തിരഞ്ഞെടുക്കുക. ഒഴിവാക്കപ്പെടുമ്പോൾ അദ്ദേഹം ഒരിക്കലും വിയോജിപ്പ് കാണിക്കുന്നില്ല. അദ്ദേഹം ശാന്തനും വിനീതനുമാണ്. കുറ്റപ്പെടുത്തലിൽ അദ്ദേഹം വിശ്വസിക്കുന്നില്ല, പക്ഷേ ഉള്ളിന്റെ ഉള്ളിൽ അദ്ദേഹം നിരാശനാണ്’ അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 9 ന് ആരംഭിക്കുന്ന ഏഷ്യ കപ്പിനുള്ള 15 അംഗ ടീമിൽ നിന്ന് ശ്രേയസ് അയ്യരും യശസ്വി ജയ്സ്വാളും ഒഴിവാക്കപ്പെട്ടത് ശ്രദ്ധേയമായി. ജയ്സ്വാൾ സ്റ്റാൻഡ്ബൈ കളിക്കാരിൽ ഒരാളാണെങ്കിലും, അയ്യർക്ക് ബാക്കപ്പ് ഓപ്ഷനുകളിൽ പോലും അവസരം നൽകിയില്ല. ഇതിനെതിരെ മുൻ താരങ്ങൾ രംഗത്തെയെങ്കിലും മികവില്ലാത്തത് കൊണ്ടല്ല, ഉൾപ്പെടുത്താൻ പറ്റിയ സ്ലോട്ട് ഇല്ലാത്തത് കൊണ്ടാണ് ഉൾപ്പെടുത്താത്തത് എന്നായിരുന്നു സെലക്ഷൻ കമ്മറ്റിയുടെ വാദം.
