കേസിൽ റമീസിന്റെ പിതാവ് റഹീം രണ്ടാം പ്രതിയും മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ്

കോതമംഗലം: കോതമംഗലത്ത് 23 കാരി ജീവനൊടുക്കിയതിൽ പ്രതി റമീസിന്റെ മാതാപിതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. കേസിൽ പിതാവ് റഹീം രണ്ടാം പ്രതിയും മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ്. ഇരുവരും ഒളിവിലാണ്. റമീസ് അറസ്റ്റിലായതിന് പിന്നാലെ ഇവർ വീട് പൂട്ടി പോയതായാണ് വിവരം. യുവതിയുടെ സുഹൃത്ത് സഹദിനേയും പ്രതിചേർത്തിട്ടുണ്ട്. യുവതിയെ റമീസ് മർദ്ദിക്കുന്നത് കണ്ടിട്ടും സഹദ് തടഞ്ഞില്ലെന്നാണ് കണ്ടെത്തൽ. സഹദിനെ പ്രത്യേക അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും.
അതേസമയം റമീസിന്റെ മാതാപിതാക്കൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായയും സംശയം ഉയരുന്നുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തുമെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ ഇവർ പോകാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം അന്വേഷണം നടക്കുന്നുണ്ട്. പെൺകുട്ടിയും റമീസും നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകളും ഇവരുടെ ഫോണിലെ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. പെൺകുട്ടി എഴുതിയ ആത്മഹത്യാകുറിപ്പും കേസിൽ നിർണായക തെളിവാണ്. റമീസിന്റെ കസ്റ്റഡി അപേക്ഷ അടുത്ത ദിവസം പരിഗണിച്ചേക്കും
റമീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് യുവതി ജീവനൊടുക്കിയത്. വിവാഹം കഴിക്കാൻ മതം മാറണമെന്ന് റമീസും കുടുംബവും നിർബന്ധിച്ചുവെന്നും ആലുവയിലെ വീട്ടിലെത്തിച്ച് റമീസ് തന്നെ മർദിച്ചിരുന്നതായും കത്തിലുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് 23കാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
