
കാബൂൾ∙ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമായി ചേർന്ന 2,600 കിലോമീറ്റർ നീളമുള്ള അതിർത്തി അടച്ചതിനെത്തുടർന്ന് ഇരുരാജ്യങ്ങളിലും അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയർന്നു. പാക്കിസ്ഥാനിൽ തക്കാളിയുടെ വില അഞ്ചിരട്ടിയായി വർധിച്ച് കിലോയ്ക്ക് 600 പാക്കിസ്ഥാൻ രൂപ (2.13 ഡോളർ) ആയി.
ഈ മാസം ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷത്തിലേക്ക് കടന്നപ്പോൾ, വ്യാപാര പ്രവർത്തനങ്ങൾ തടസ്സപ്പെട്ടുവെന്ന് കാബൂളിലെ പാക്ക്-അഫ്ഗാൻ ചേംബർ ഓഫ് കൊമേഴ്‌സ് മേധാവി റോയിറ്റേഴ്സിനോട് പറഞ്ഞു. ഓരോ ദിവസവും ഏകദേശം 10 ലക്ഷം ഡോളറിന്റെ നഷ്ടം ഇരുരാജ്യങ്ങൾ അനുഭവിക്കുന്നു.
പ്രധാന വ്യാപാര സാധനങ്ങളിൽ പഴങ്ങൾ, പച്ചക്കറികൾ, ധാതുക്കൾ, മരുന്ന്, ഗോതമ്പ്, അരി, പഞ്ചസാര, മാംസം, പാൽ ഉൽപന്നങ്ങൾ ഉൾപ്പെടുന്നു. പ്രതിവർഷം ഏകദേശം 230 കോടി ഡോളറിന്റെ വ്യാപാരം നടക്കാറുണ്ട്.
അഫ്ഗാനിസ്ഥാൻ വഴി വരുന്ന ആപ്പിളുകൾക്കും വില ഉയർന്നു. ഏകദേശം 5,000 കണ്ടെയ്‌നറുകൾ വ്യാപാര സാധനങ്ങളുമായി അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയാണ്, പാക്ക്–അഫ്ഗാൻ വ്യാപാര ബന്ധം ഇപ്പോഴും തടസ്സത്തിലാണ്.
