കേരള സര്‍വകലാശാലയില്‍ ഭരണ പ്രതിസന്ധി രൂക്ഷം; രജിസ്ട്രാര്‍ അനില്‍ കുമാറിന്റെ ശമ്പളം തടയണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി വി സി


കേരള സര്‍വകലാശാല ഭരണ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിനെതിരെയുള്ള നടപടികള്‍ കടുപ്പിച്ച് വി.സി ഡോക്ടര്‍ മോഹനന്‍ കുന്നുമ്മല്‍. അനില്‍ കുമാറിന്റെ ശമ്പളം തടയണമെന്ന കര്‍ശന നിര്‍ദേശം ഫൈനാന്‍സ് ഓഫീസര്‍ക്ക് നല്‍കി. ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അനില്‍കുമാറിന് ശമ്പളം അനുവദിച്ചാല്‍ നടപടി സ്വീകരിക്കുമെന്നാണ് താക്കീത്. പ്രശ്‌നപരിഹാരത്തിനായി സിന്‍ഡിക്കേറ്റ് യോഗം വിളിക്കാനും വി.സി തയ്യാറായിട്ടില്ല. (Kerala university row updates vc mohanan kunnummal)

സെപ്റ്റംബര്‍ ആദ്യവാരം യോഗം വിളിക്കാമെന്ന നിലപാടിലാണ് മോഹനന്‍ കുന്നുമ്മല്‍. സമവായത്തിന് സര്‍ക്കാര്‍ ശ്രമിച്ചിട്ടും വി.സി വിട്ട് വീഴ്ചയ്ക്ക് തയ്യാറല്ല. കെ എസ് അനില്‍കുമാറില്‍ നിന്നും ഇ-ഫയല്‍ ആക്‌സസ് പിന്‍വലിച്ച് മിനി കാപ്പന് നല്‍കിയിരുന്നു. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാതെ സമവായത്തിന് വഴങ്ങില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വി സി. സസ്‌പെന്‍ഷന്റെ പശ്ചാത്തലത്തില്‍ അനില്‍ കുമാറിന്റെ ശമ്പളം തടയണമെന്നാണ് വിസിയുടെ ആവശ്യം. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉള്‍പ്പെടെ പ്രശ്‌നത്തില്‍ ഇടപെട്ട് സിന്‍ഡിക്കേറ്റ് യോഗം ഉടനുണ്ടാകുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നെങ്കിലും മോഹനന്‍ കുന്നുമ്മല്‍ അയയുന്ന മട്ടില്ല.

Read Also: കേരള സര്‍വകലാശാലയില്‍ മോഹനന്‍ കുന്നുമ്മലിന്റെ പുതിയ നീക്കം: കെ എസ് അനില്‍ കുമാറിനെ ഒഴിവാക്കി യോഗം വിളിച്ചു

രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ ഔദ്യോഗിക വാഹനം തടയാന്‍ കഴിഞ്ഞ ദിവസം വി സി നടത്തിയ നീക്കം സര്‍വകലാശാല തള്ളിയിരുന്നു. സെക്യൂരിറ്റി ഓഫീസറോട് ഡ്രൈവറില്‍ നിന്നും വാഹനത്തിന്റെ താക്കോല്‍ വാങ്ങി മിനി കാപ്പനെ ഏല്‍പ്പിക്കാനുമായിരുന്നു വിസിയുടെ ഉത്തരവ്. എന്നാല്‍ ഔദ്യോഗിക വാഹനത്തില്‍ തന്നെ രജിസ്ട്രാര്‍ എത്തി. കഴിഞ്ഞ ദിവസം ജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിനെ ഒഴിവാക്കി മോഹനന്‍ കുന്നുമ്മല്‍ ഓണ്‍ലൈന്‍ യോഗം വിളിച്ചതും ഏറെ ചര്‍ച്ചയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *