അണുബോംബ് വിസ്‌ഫോടനത്തിന്റെ നടുക്കുന്ന ഓര്‍മയില്‍ ഇന്ന് ഹിരോഷിമ ദിനം. ജപ്പാനിലെ ഹിരോഷിമ നഗരത്തിലാണ് ഒരു ദേശത്തെ മുഴുവന്‍ തുടച്ചുനീക്കാന്‍ പ്രാപ്തിയുള്ള ആണവായുധം ആദ്യമായി വര്‍ഷിക്കുന്നത്. അതിഭയാനകമായ സംഹാരശക്തിയുടെ ആദ്യത്തെ ഇരകളാണ് ഹിരോഷിമയിലെ ജനത. 80 വര്‍ഷങ്ങള്‍ക്ക് ശേഷവും ആ ദിവസം ലോകത്തെയാകെ നടുക്കുന്ന ഓര്‍മ്മയായി അവശേഷിക്കുന്നു. (Japan Marks 80th Anniversary Of Hiroshima Atomic Bombing)
80 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു ഓഗസ്റ്റ് ആറിന് ജപ്പാന്‍ സമയം രാവിലെ 8.15നാണ് ലോകം നടുങ്ങിയ ആ സംഭവം നടന്നത്. ഘടികാരങ്ങള്‍ നിലച്ചുപോയ നേരമെന്ന് ചരിത്രം അടയാളപ്പെടുത്തിയ സമയം. അമേരിക്കയുടെ എനോള ഗേ ബി29 ബോംബര്‍ വിമാനത്തില്‍ നിന്ന് ഹിരോഷിമയുടെ മുകളിലേക്ക് താഴ്ന്നിറങ്ങിയ ലിറ്റില്‍ ബോയ് എന്ന ആറ്റംബോംബില്‍നിന്ന് ആളിക്കത്തിയ അഗ്നിഗോളം, 370 മീറ്റര്‍ ഉയരത്തേക്ക് ജ്വലിച്ചുയര്‍ന്നു. ആയിരം സൂര്യന്മാര്‍ ഒന്നിച്ചു പൊട്ടിച്ചിതറിയതുപോലെ. അന്തരീക്ഷോഷ്മാവ് 4,000 ഡിഗ്രി സെല്‍ഷ്യസ് വരെയുയര്‍ന്നു. ഹിരോഷിമയാകെ വെന്തുരുകി. നഗരത്തിനരികിലൂടെ ഒഴുകുന്ന ഓഹിയോ നദി തിളച്ച് മറിഞ്ഞു. ചൂട് സഹിക്കാനാവാതെ നദിയിലേക്കെടുത്ത് ചാടിയവര്‍ വെള്ളത്തില്‍ കിടന്ന് വെന്ത് മരിച്ചു. മാനവ ചരിത്രത്തിലെ ഏറ്റവും ഭീകരമായ കൂട്ടക്കൊല.

