അക്ഷര വെളിച്ചം മാഞ്ഞു; മലയാളികളുടെ സാനു മാഷ് ഇനി ഓര്‍മ; സംസ്‌കാരം പൂര്‍ത്തിയായി

രാവിലെ വീട്ടിലും തുടര്‍ന്ന് എറണാകുളം ടൗണ്‍ഹാളിലുമുണ്ടായ പൊതുദര്‍ശനത്തില്‍ നിരവധി പേരാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്

കൊച്ചി: മലയാള സാഹിത്യ-സാംസ്‌കാരിക രംഗത്തെ അതികായന്‍ എം കെ സാനു ഇനി ഓര്‍മ. ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങി വിവിധ രംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. രാവിലെ വീട്ടിലും തുടര്‍ന്ന് എറണാകുളം ടൗണ്‍ഹാളിലുമുണ്ടായ പൊതുദര്‍ശനത്തില്‍ നിരവധി പേരാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.

വൈകീട്ട് നാല് മണിക്ക് രവിപുരം ശ്മശാനത്തിലായിരുന്നു സംസ്‌കാരം. ഇന്നലെ വൈകീട്ട് 5.35നാണ് അന്ത്യം സംഭവിച്ചത്. 98 കാരനായ എം കെ സാനു ദിവസങ്ങള്‍ക്ക് മുന്‍പ് വരെ പൊതു വേദികളില്‍ സജീവമായിരുന്നു. വീഴ്ചയില്‍ ഇടുപ്പെല്ലിന് പരിക്കേറ്റ എം കെ സാനുവിനെ ദിവസങ്ങള്‍ക്ക് മുന്‍പാണ് കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ ന്യുമോണിയ ബാധിച്ചതോടെ ആരോഗ്യ നില വഷളാവുകയായിരുന്നു.

1928 ഒക്ടോബര്‍ 27ന് ആലപ്പുഴയിലെ തുമ്പോളിയിലായിരുന്നു എം കെ സാനുവിന്റെ ജനനം. അതീവ സമ്പന്ന കൂട്ടുകുടുംബത്തില്‍ ജനിച്ച എം കെ സാനു, അകാലത്തില്‍ അച്ഛന്‍ മരിച്ചതോടെ ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും നിഴലിലായി. അവിടെ നിന്നാണ് അദ്ദേഹം സാഹിത്യ ലോകത്തും സാംസ്‌കാരിക മണ്ഡലത്തിലും നിറഞ്ഞത്.

നാല് വര്‍ഷത്തോളം സ്‌കൂള്‍ അധ്യാപനായി സേവനം അനുഷ്ഠിച്ചു. പിന്നീട് വിവിധ ഗവണ്‍മെന്റ് കോളേജുകളില്‍ അധ്യാപക വൃത്തിയിലേര്‍പ്പെട്ടു. 1958ല്‍ അഞ്ചു ശാസ്ത്ര നായകന്മാര്‍ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ല്‍ വിമര്‍ശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983ല്‍ അധ്യാപനത്തില്‍ നിന്ന് വിരമിച്ചു. 1986ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡന്റായി. കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെ പരാജയപ്പെടുത്തി 1987ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു. 98ാം വയസില്‍ പുറത്തിറക്കിയ തപസ്വിനി അമ്മയെ കുറിച്ചുള്ള പുസ്തകമാണ് അവസാനത്തെ രചന.

Leave a Reply

Your email address will not be published. Required fields are marked *