
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച്, കല്യാണി പ്രിയദർശനും നസ്‌ലിനും പ്രധാന വേഷങ്ങളിൽ എത്തുന്ന സയൻസ് ഫിക്‌ഷൻ ചിത്രം ‘ലോക: ചാപ്റ്റർ വൺ: ചന്ദ്ര’യുടെ ടീസർ പുറത്തിറങ്ങി. ഹോളിവുഡ് നിലവാരത്തിലുള്ള വിഷ്വൽ ഇഫക്ട്സും, ആക്ഷൻ കൊറിയോഗ്രഫിയും, മികച്ച പ്രൊഡക്ഷൻ ക്വാളിറ്റിയും കൊണ്ട് ശ്രദ്ധേയമായ ടീസർ പ്രേക്ഷകർക്കിടയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഏകദേശം 25 കോടി രൂപ ബജറ്റിലാണ് ഒരുങ്ങുന്നത്.
‘ലോക’ എന്ന പേരിൽ ഒരുങ്ങുന്ന സൂപ്പർഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. ഈ യൂണിവേഴ്‌സിലെ ആദ്യത്തെ സൂപ്പർഹീറോ കഥാപാത്രമായ ‘ചന്ദ്ര’ ആയി കല്യാണി പ്രിയദർശൻ എത്തുന്നു എന്നത് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ടീസറിൽ കണ്ട ത്രില്ലിംഗ് ആക്ഷൻ രംഗങ്ങളും, യാനിക്ക് ബെൻ എന്ന പ്രമുഖ ആക്ഷൻ കൊറിയോഗ്രാഫർ ഒരുക്കിയ സംഘട്ടനങ്ങളും, നിഗൂഢത നിറഞ്ഞ പശ്ചാത്തല സംഗീതവും ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. മേക്കിങ്ങിനും ജേക്സ് ബിജോയ് ഒരുക്കിയ ബാക്ഗ്രൗണ്ട് മ്യൂസിക്കിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കല്യാണി പ്രിയദർശന്റെയും നസ്‌ലിന്റെയും കഥാപാത്രങ്ങൾ തമ്മിലുള്ള കെമിസ്ട്രിയും പ്രകടനവും കയ്യടി നേടുന്നുണ്ട്.
ൽഖർ സൽമാന്റെ പിറന്നാൾ ദിനത്തിലാണ് ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. കല്യാണി പ്രിയദർശൻ, നസ്‌ലിൻ എന്നിവർക്കൊപ്പം ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണായക വേഷങ്ങളിൽ എത്തുന്നു. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്, പ്രത്യേകിച്ച് ഡാർക്ക് ടോണുകളിലുള്ള ഷോട്ടുകൾ ടീസറിൽ ശ്രദ്ധേയമാണ്. ചമൻ ചാക്കോയാണ് ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്. വേഫെറർ ഫിലിംസിന്റെ ഏഴാമത്തെ നിർമ്മാണ സംരംഭമായ ഈ ചിത്രം മലയാള സിനിമയിൽ പുതിയൊരു വഴിത്തിരിവാകുമെന്നാണ് സിനിമാ നിരൂപകർ വിലയിരുത്തുന്നത്. ‘ലോക’ ഓണം റിലീസായി ഓഗസ്റ്റ് 28-ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ.
