മോഹൻലാലും ഫഹദും മാത്രമല്ല, ഓണം കളറാക്കാൻ ഒരു ബോളിവുഡ് പടവും വരുന്നുണ്ട്, ‘പരം സുന്ദരി’ റിലീസ് ഡേറ്റ് എത്തി

ചിത്രത്തിൽ സിദ്ധാർഥ് നോർത്ത് ഇന്ത്യനായും ജാൻവി മലയാളിയുമായിട്ടാണ് എത്തുന്നത്

സിദ്ധാർഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തുഷാർ ജലോട്ട സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പരം സുന്ദരി’. ഒരു റൊമാന്റിക് കോമഡി ഴോണറിൽ പുറത്തിറങ്ങുന്ന സിനിമയുടെ പുതിയ റിലീസ് തീയതിയും ആദ്യ ഗാനവും അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിന്റെ റിലീസ് ജൂലൈ 25നായിരിക്കും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രം ആഗസ്റ്റ് 29 ന് തിയേറ്ററിൽ എത്തുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.

ചിത്രത്തിലെ ആദ്യ ഗാനമായ ‘പർദേശിയ’യും പുറത്തുവന്നിട്ടുണ്ട്. ഒരു റൊമാന്റിക് മൂഡിൽ ഒരുക്കിയ ഗാനം പാടിയിരിക്കുന്നത് സോനു നിഗം, കൃഷ്ണകാലി സാഹ, സച്ചിൻ-ജിഗർ എന്നിവർ ചേർന്നാണ്. അമിതാഭ് ഭട്ടാചാര്യ ആണ് ഗാനത്തിനായി വരികൾ എഴുതിയിരിക്കുന്നത്. കേരളത്തിന്റെ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. സിദ്ധാർഥ് മൽഹോത്ര-ജാൻവി കപൂർ ജോഡി നന്നായിരിക്കുന്നെന്നും സിദ്ധാർഥ് ഒരു ഷാരൂഖ് ഖാൻ വൈബ് നൽകുന്നെന്നും കമന്റുകളുണ്ട്. ചിത്രത്തിൽ സിദ്ധാർഥ് നോർത്ത് ഇന്ത്യനായും ജാൻവി മലയാളിയുമായിട്ടാണ് എത്തുന്നത്. പരം എന്ന കഥാപാത്രമായി സിദ്ധാർഥ് എത്തുമ്പോൾ സുന്ദരി ആയിട്ടാണ് ജാൻവി എത്തുന്നത്.

കേരളത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗം ഷൂട്ടും നടന്നത്. കേരളത്തിലെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള സിദ്ധാർത്ഥിന്റെയും ജാൻവിയുടെയും ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു. ചങ്ങനാശ്ശേരിയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജൻ ആണ് ചിത്രം നിർമിക്കുന്നത്. ആർഷ് വോറ, ഗ്വാർവ മിശ്ര എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത് സച്ചിൻ ജിഗർ ആണ്.

Leave a Reply

Your email address will not be published. Required fields are marked *