കിങ്ഡം ആഗോള തലത്തിൽ വമ്പൻ ഓപ്പണിങ് തന്നെ നേടുമെന്നാണ് കണക്കുകൂട്ടൽ

ജേഴ്‌സി എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച സംവിധായകനാണ് ഗൗതം തന്നൂരി. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വലിയ വിജയമാണ് നേടിയത്. ജേർസിക്ക് ശേഷം വിജയ് ദേവരകൊണ്ടയുമൊത്താണ് ഗൗതം അടുത്ത സിനിമ ചെയ്യുന്നത്. ‘കിങ്ഡം’ എന്ന് പേരിട്ടിരിക്കുന്ന സിനിമ ഇന്ന് തിയേറ്ററുകളിൽ എത്തി. ഗംഭീര അഡ്വാൻസ് ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.
ആഗോള തലത്തിൽ നിന്നും 15 കോടിയാണ് ഈ വിജയ് ദേവരകൊണ്ട ചിത്രം പ്രീ സെയിൽ വഴി നേടിയത്. ഇത് തെലുങ്കിലെ ടൈർ 2 താരങ്ങളിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കളക്ഷൻ ആണ്. 17 കോടിയുമായി നാനി ചിത്രം ഹിറ്റ് 3 ആണ് മുന്നിൽ. കിങ്ഡം ആഗോള തലത്തിൽ വമ്പൻ ഓപ്പണിങ് തന്നെ നേടുമെന്നാണ് കണക്കുകൂട്ടൽ. ഒരു പക്കാ ആക്ഷൻ ചിത്രമാകും കിങ്ഡം എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഒരു മിഷന്റെ ഭാഗമായി പൊലീസ് ഓഫീസർ ആയ വിജയ് ദേവരകൊണ്ടയുടെ കഥാപാത്രം ഒരിടത്ത് എത്തുന്നതും തുടർന്നുള്ള സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. അനിരുദ്ധിന്റെ ബിജിഎം ആണ് ട്രൈയ്ലറിലെ ഹൈലൈറ്റ്.
മലയാളി നടൻ വെങ്കിടേഷും സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. തമിഴിലും തെലുങ്കിലുമാണ് ചിത്രം പുറത്തിറങ്ങുന്നത്. രണ്ട് ലുക്കിൽ പക്കാ മാസ് റോളിലാണ് വിജയ് സിനിമയിൽ എത്തുന്നത്. വമ്പൻ കാൻവാസിൽ ഒരു ആക്ഷൻ ചിത്രമായിട്ടാണ് കിങ്ഡം ഒരുങ്ങുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.
