‘ചിത്രം എഴുതി വെച്ചതിലും ഭംഗിയായി അവർ അത് അവതരിപ്പിച്ചു. ആക്ഷന്‍ പറഞ്ഞതിന് ശേഷം ഞങ്ങള്‍ കണ്ടത് ഒരു മാജിക്കാണ്’

തിരുവനന്തപുരം: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സഹനടിയായി നടി ഉർവശി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിച്ച് ഉള്ളൊഴുക്ക് സിനിമയുടെ സംവിധായകൻ ക്രിസ്‌റ്റോ ടോമി. അത്ഭുതപ്പെടുത്തുന്ന അഭിനേതാവാണ് ഉർവശിയെന്നും അവാർഡ് പ്രതീക്ഷിച്ചിരുന്നുവെന്നും ക്രിസ്റ്റോ ടോമി മാധ്യമങ്ങളോട് പ്രതികരിച്ചു.
‘രാജ്യം കണ്ട ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ഉർവശി. ദേശീയ അവാർഡ് ചേച്ചിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. സത്യമുള്ള പ്രകടനമായിരുന്നു ചേച്ചിയുടേത്. ചിത്രം എഴുതി വെച്ചതിലും ഭംഗിയായി അവർ അത് അവതരിപ്പിച്ചു. ആക്ഷന്‍ പറഞ്ഞതിന് ശേഷം ഞങ്ങള്‍ കണ്ടത് ഒരു മാജിക്കാണ്. ചേച്ചിയുടെ കൂടെയുള്ളവര്‍ക്ക് ഒരു യൂണിവേഴ്‌സിറ്റിയില്‍ പോയി ഒരു ക്രാഷ് കോഴ്‌സ് ചെയ്ത പോലെയായിരുന്നു. എന്റെ ആദ്യ സിനിമയില്‍ തന്നെ ഉര്‍വശിയെയും പാര്‍വതിയെയും പോലെയുള്ള അഭിനേതാക്കള്‍ക്കൊപ്പം വർക്ക് ചെയ്യാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ല. ഷൂട്ടിംഗ് സമയങ്ങളിൽ പല സീനുകളിലും ഇരുവരുടെയും അഭിനയം കണ്ട് ഞാന്‍ പോലും ഇമോഷണല്‍ ആയിട്ടുണ്ട്’, ക്രിസ്‌റ്റോ ടോമി പറഞ്ഞു. സിനിമയുടെ ഷൂട്ടിംഗ് ഭൂരിഭാഗവും വെള്ളത്തിലായതിനാൽ പലർക്കും അസുഖങ്ങൾ വന്നിരുന്നുവെന്നും ഉർവശിക്ക് നിലവിലും അതിൻ്റെ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ടെന്നും ക്രിസ്റ്റോ ടോമി പറഞ്ഞു.
ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് തന്നെയാണ് മികച്ച മലയാളം സിനിമയായും തെരഞ്ഞെടുക്കപ്പെട്ടത്. സിനിമയുടെ അവാർഡ് നേട്ടത്തിലും ക്രിസ്റ്റോ സന്തോഷം അറിയിച്ചിരുന്നു.
ക്രിസ്റ്റോ ടോമി രചനയും സംവിധാനവും നിർവ്വഹിച്ച ഉള്ളൊഴുക്ക് 2024-ൽ പുറത്തിറങ്ങിയ ചിത്രമാണ്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി നടി ഉർവശിയും പാർവതി തിരുവോത്തുമാണ് അഭിനയിച്ചത്. ചിത്രത്തിൽ ഉർവശി അവതരിപ്പിച്ച ലീലാമ്മ എന്ന കഥാപാത്രത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.
