പിഎം ശ്രീ: ‘സിപിഐയെ അവഗണിക്കില്ല; LDF തീരുമാനം എടുക്കും’ എംഎ ബേബി

പിഎം ശ്രീയിലെ സിപിഐ വിയോജിപ്പിൽ പ്രതികരിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. വിഷയത്തിൽ എൽഡിഎഫ് തീരുമാനം എടുക്കുമെന്നും സിപിഐയെ അവഗണിക്കില്ലെന്നും എംഎ ബേബി വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയം ഒരിക്കലും അംഗീകരിക്കില്ല. നയം അംഗീകരിക്കാതെ പദ്ധതി എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് നോക്കുന്നതെന്ന് എംഎ ബേബി പറഞ്ഞു.

എൽഡിഎഫ് നിലപാടെടുത്തശേഷം ആവശ്യമെങ്കിൽ കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപെടുമെന്ന് എംഎ ബേബി വ്യക്തമാക്കി. അതേസമയം പി.എം.ശ്രീ പദ്ധതി സംബന്ധിച്ച വിവാദം കൊഴുക്കുന്നതിനിടെ സിപിഐയെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ രം​ഗത്തെത്തിയിരുന്നു. പദ്ധതിയോടുളള സി.പി.ഐയുടെ എതിർപ്പ് ചൂണ്ടിക്കാട്ടിയ മാധ്യമങ്ങളോട് എന്ത് സിപിഐ എന്നായിരുന്നു ഗോവിന്ദൻ‌റെ പുച്ഛം കലർന്ന പ്രതികരണം.

എന്നാൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുളള ആരും പ്രതികരിച്ചിട്ടില്ല. നാളെ തുടങ്ങുന്ന സി.പി.ഐ നേതൃയോഗങ്ങളിൽ പി.എം.ശ്രീ വിവാദം ചർച്ചയാകും. നാളെത്തെ മന്ത്രിസഭാ യോഗത്തിൽ വിഷയം വന്നാൽ എന്ത് നിലപാട് സ്വീകരിക്കണമെന്നതിൽ മന്ത്രിമാരും ആലോചന നടത്തും.എതിർപ്പ് ഉപേക്ഷിച്ച് പദ്ധതിയുടെ പണം വാങ്ങിയെടുക്കണമെന്ന അഭിപ്രായമുളളവർ സി.പി.ഐയുടെ നേതൃനിരയിലുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *