ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്‌ക്കറിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹതാരമായിരുന്ന കര്‍സണ്‍ ഗാവ്രി

ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്‌ക്കറിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹതാരമായിരുന്ന കര്‍സണ്‍ ഗാവ്രി. മത്സരത്തിനിടെ പ്രധാനമന്ത്രി കാണാൻ വന്നിട്ട് കൂടി അദ്ദേഹം കാണാൻ കൂട്ടാക്കിയില്ലെന്നും ബാറ്റിങിൽ ഏകാഗ്രത നഷ്ടപ്പെടുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദമെന്നും ഗാവ്രി കൂട്ടിച്ചേർത്തു.
‘ഗാവസ്‌ക്കര്‍ ബാറ്റിങ്ങിന് തയ്യാറായി പാഡ് ചെയ്ത് ഇരിക്കുകയാണ്. ഡ്രസ്സിങ് റൂമിലിരുന്ന് മനസ്സ് ഏകാഗ്രമാക്കുകയായിരുന്നു. അപ്പോൾ അവിടേക്ക് മറ്റൊരു ഇന്ത്യൻ താരമായിരുന്ന രാജ് സിങ് ദുന്‍ഗര്‍പുര്‍ വന്ന് പ്രധാനമന്ത്രി വന്നിട്ടുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് വിളിക്കുന്നുണ്ടെന്നും പറഞ്ഞു. എല്ലാവരും പുറത്തേക്ക് പോയി. പക്ഷേ സുനില്‍ പറഞ്ഞു, ഞാന്‍ വരുന്നില്ല. ഞാന്‍ ഏകാഗ്രതയോടെ ഇരിക്കട്ടെ, എന്റെ ബാറ്റിങ് എനിക്കും എന്റെ ടീമിനും പ്രധാനമാണ്. ഗാവ്രി പറഞ്ഞു. അന്ന് ഗാവസ്‌ക്കറെ കാണാന്‍ മാത്രമാണ് പ്രധാനമന്ത്രി ഡ്രസ്സിങ് റൂമില്‍ വന്നതെന്ന് തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1975-ലെ പ്രഥമ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ 174 പന്തില്‍ നിന്ന് 36* റണ്‍സ് നേടി പുറത്താകാതെ നിന്ന ഗാവസ്‌ക്കറുടെ ബാറ്റിങ്ങിനെ കുറിച്ചും ഗാവ്രി പറഞ്ഞു .അന്ന് ഡ്രസ്സിങ് റൂമിലുണ്ടായിരുന്ന പലരും ഗവാസ്കറുടെ ഈ സമീപനത്തില്‍ അതൃപ്തരായിരുന്നുവെന്നും അടിച്ചുകളിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറാകാതെ നിര്‍ബന്ധബുദ്ധിയോടെ നിന്നുവെന്നും ഗാവ്രി പറഞ്ഞു. വിക്കി ലാല്‍വാനിയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1970-കളിലും 1980-കളിലും ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖമായിരുന്നു ഗവാസ്‌ക്കർ. 125 ടെസ്റ്റുകളിൽ നിന്നായി 10122 റൺസ് നേടിയ താരം 34 സെഞ്ച്വറികളും കുറിച്ചു. 108 ഏകദിനങ്ങളിൽ നിന്ന് 3092 റൺസും നേടി.
