രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം: കോൺഗ്രസിന്റെ ഫ്രീഡം നൈറ്റ് മാർച്ച് ഇന്ന് രാത്രിയിൽ

സംസ്ഥാന വ്യാപകമായി കോൺഗ്രസ് ഇന്ന് ഫ്രീഡം നൈറ്റ് മാർച്ച് സംഘടിപ്പിക്കും. വോട്ട് കൊള്ള ആരോപണത്തിൽ രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കെ.പി.സി.സിയുടെ ഫ്രീഡം നൈറ്റ് മാർച്ച്. പതിനാല് ഡിസിസികളുടെയും നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കാനാണ് കെ.പി.സി.സി നിർദേശം. എല്ലാ ജില്ലകളിലും രാത്രി എട്ടുമണിക്കാണ് മാർച്ച്.

തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിൽ നിന്ന് പാളയം രക്തസാക്ഷി മണ്ഡലത്തിലേക്കുള്ള നൈറ്റ് മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നിർവഹിക്കും. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് വയനാടും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എറണാകുളത്തും മാർച്ചിന് നേതൃത്വം നൽകും. രമേശ് ചെന്നിത്തല ആലപ്പുഴയിലും, കെ. സുധാകരൻ കണ്ണൂരിലും മാർച്ച് നയിക്കും.

അതേസമയം വോട്ട് കൊള്ളയ്ക്കും, ബീഹാർ വോട്ടർപട്ടിക പരിഷ്കരണത്തിനുമെതിരെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്. ‘വോട്ട് ചോരി’ മുദ്രാവാക്യം മുഴക്കി എല്ലാ ജില്ലകളിലും ഇന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ മെഴുകുതിരി മാർച്ചുകൾ നടത്തും . സംസ്ഥാന തലങ്ങളിലും പ്രധാനപ്പെട്ട നഗരങ്ങളിലും മെഗാ റാലികൾ. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെ രാജ്യ വ്യാപകമായി ക്യാമ്പയിനുകൾ നടത്തും. പ്രവർത്തകരുടെ നേതൃത്വത്തിൽ 5 കോടി ഒപ്പുകൾ ശേഖരിക്കും.

ഈ മാസം 17 ന് രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര ബീഹാറിൽ നിന്ന് ആരംഭിക്കും. രണ്ടാഴ്ച നീണ്ട് നിൽക്കുന്ന യാത്ര ബിഹാറിലെ 30ലധികം ജില്ലകളിലൂടെ കടന്നു പോകും. കോൺഗ്രസ് അധ്യക്ഷൻ
മല്ലികാർജുൻ ഖാർഗെ, തേജസ്വി യാദവ്, തുടങ്ങിയവർ യാത്രയിൽ അണിചേരും.

മേഘവിസ്‌ഫോടനത്തിന് പിന്നാലെ ഹിമാചലിൽ മിന്നല്‍ പ്രളയവും; മൂന്ന് ജില്ലകളിൽ നാശനഷ്ടം

Leave a Reply

Your email address will not be published. Required fields are marked *