
21 ഗ്രാംസ് എന്ന വിജയ ചിത്രത്തിന് ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത് തിയേറ്ററുകളിൽ എത്തിയ ‘സാഹസം’ തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.ബാബു ആൻ്റണി, നരേയ്ൻ, ഗൗരി കിഷൻ, റംസാൻ തുടങ്ങി ഒട്ടേറെ താരങ്ങൾ അണിനിരക്കുന്ന ചിത്രം കോമഡി എൻ്റർടെയ്ൻമെൻ്റ് ആയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ 21 ഗ്രാംസ്, ഫീനിക്സ് എന്നീ ചിത്രങ്ങൾ ഒരുക്കിയ കെ എൻ റിനീഷാണ് സാഹസവും നിർമ്മിച്ചിരിക്കുന്നത്.മുംബൈ, കൊച്ചി എന്നീ വ്യത്യസ്ത ഇടങ്ങളിൽ നടക്കുന്ന രണ്ടു വ്യത്യസ്ത സംഭവങ്ങൾ ഒന്നിക്കുന്നതും, അതിലെ കഥപാത്രങ്ങൾക്കിടയിൽ ഉണ്ടാകുന്ന ആശയക്കുഴപ്പങ്ങൾ സാഹസികത നിറഞ്ഞ ഒരു അസാധാരണ ദിവസത്തിലേക്ക് നയിക്കുന്നതാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.
ഒരേ സമയം യൂത്ത്, ഫാമിലി ഓഡിയൻസിൻ്റെ പക്കൽ നിന്നും മികച്ച സ്വീകാര്യതയാണ് ചിത്രം നേടുന്നത്.ബിബിൻ അശോകാണ് സിനിമയുടെ മ്യൂസിക് ഡയറക്ടർ.ചിത്രത്തിലെ ‘ഓണം മൂഡ്’ എന്ന ഗാനം, റിലീസിന് മുന്നേ തന്നെ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റായിരുന്നു. ഇപ്പോൾ സിനിമക്കൊപ്പം, 1999ൽ റിലീസായ ഇൻഡിപെൻഡൻസ് എന്ന ചിത്രത്തിലെ “ഒരു മുത്തം തേടി” എന്ന ഗാനത്തിൻ്റെ റീമിക്സ് വേർഷനും വീണ്ടും തരംഗമായി മാറുകയാണ്.
